കോട്ടയം: മഴയ്‌ക്കൊപ്പമെത്തിയ അതിശക്തമായ കാറ്റ് കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ നാശം വിതച്ചു. കോട്ടയത്ത് അൻപതിലധികം വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിവരം. വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണു ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീഴുകയും മരങ്ങൾ ഒടിഞ്ഞു വീഴുകയും സംഭവിച്ചത് മൂലം വാഹനങ്ങൾക്കും കേടുപാടുക സംഭവിച്ചിട്ടുണ്ട്.
വാകത്താനം ചക്കൻചിറക്കു സമീപം ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ഇളേച്ചു പറമ്പിൽ തങ്കമ്മ, കൈലാസത്തിൽ അജി, തേക്കുംകാട്ടിൽ സുനിത, ഇളേച്ചു പറമ്പിൽ രാജേഷ്, കാഞ്ഞൂർ ചെല്ലപ്പൻ എന്നിവരുടെ വീടിന് മുകളിലേക്ക് മരം വീണ് നാശനഷ്ടം സംഭവിച്ചു. കുടിലിൽ സോജന്റെ വീടിന്റെ ഓടുകൾ ശക്തമായ കാറ്റിൽ പറന്നു. മരം ഒടിഞ്ഞ് വൈദ്യുതി കമ്പികളും പൊട്ടിവീണു. പന്നിക്കോട്ടു പാലം-ചക്കൻചിറ-കൈതളാവ് റോഡിൽ ഗതാഗതം തടസപ്പെട്ടു. ഐങ്കൊമ്പില്‍ പുത്തന്‍പുരയ്ക്കല്‍ ബിജുവിന്റെ വീടിന് മുകളിലേയക്ക് 3 ആഞ്ഞിലി മരങ്ങൾ വീണു. കുട്ടികളടക്കം വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു. പാലാ പ്രാവിത്താനത്ത് ശക്തമായ കാറ്റിൽ മരം വീണ് വൈദ്യുതി പോസ്റ്റ് തകർന്നു. ശക്തമായ കാറ്റിൽ എരുമേലിയിൽ ഹോട്ടലിന്റെ മുൻവശത്തേക്ക് മരം ഒടിഞ്ഞു വീണു. എരുമേലി സർക്കാർ ആശുപത്രി-പോലീസ് സ്റ്റേഷൻ റോഡിൽ മരം വീണു. റെയിൽവേ ലൈനിലേക്ക് വീണ മരം വെട്ടിമാറ്റി. കുമരകം-ചേർത്തല റോഡിൽ കാറുകൾക്ക് മുകളിലേക്ക് മരം വീണു. ചമ്പക്കര പള്ളിക്ക് സമീപം മരം റോഡിലേക്ക് വീണു ഗതാഗത തടസ്സം ഉണ്ടായി. കെ കെ റോഡിൽ കഞ്ഞിക്കുഴി ദീപ്തി നഗറിന് മുൻവശം ഓട്ടോസ്റ്റാൻഡിലെ വലിയ തണൽ മരം ആണ് കനത്ത മഴയിൽ കെ കെ റോഡിന് കുറുകെ മറിഞ്ഞു വീണു മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ വൈദ്യുതി പോസ്റ്റിലേക്കും ലൈനിലേക്കും വീണു വൈദ്യുതി മുടങ്ങിയിട്ടുണ്ട്. റോഡുകളിലേക്ക് മരങ്ങൾ വീണതോടെ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ വഴി തിരിച്ചു വിടുന്നുണ്ട്. അഗ്നിരക്ഷാ സേനയെത്തി റോഡിലേക്കും വൈദ്യുതി പോസ്റ്റിലേക്കും വീണ മരങ്ങൾ മുറിച്ചു മാറ്റി. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.