കനത്ത മഴയും കാറ്റും: കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ നാശനഷ്ടങ്ങൾ, വൈദ്യുതി തടസ്സപ്പെട്ടു, വീടുകൾക്ക് മുകളിൽ മരം വീണു.


കോട്ടയം: കോട്ടയം ജില്ലയിൽ തിങ്കളാഴ്ച രാവിലെ മുതൽ ആരംഭിച്ച അതിശക്തമായ മഴയിലും കാറ്റിലും ജില്ലയുടെ വിവിധ മേഖലകളിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു.

 

 കോട്ടയം മുളക്കുളം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാറ്റ് നാശം വിതച്ചു. പെരുവ തുരുത്തിപ്പിള്ളി റോഡിൽ തേക്ക് ഒടിഞ്ഞു വീണു. രണ്ട് പോസ്റ്റുകൾ ഒടിഞ്ഞു വീണു. കനത്ത മഴയിൽ കോട്ടയം തിരുവാതുക്കലിൽ നിയന്ത്രണം നഷ്ടമായ പിക്ക് അപ്പ് വാൻ ഇടിച്ചു വൈദ്യതി പോസ്റ്റുകൾ തകർന്നതിനെ തുടർന്ന് കോട്ടയം നഗരം ഉൾപ്പടെ വിവിധ മേഖലകളിൽ ഏഴ് മണിക്കൂറോളം വൈദ്യുതി നിലച്ചു. പെരുവ കാരിക്കോട് മേഖലകളിൽ കനത്ത മഴയും കാറ്റും നാശം വിതച്ചു. വീടുകൾക്ക് മുകളിലേക്കും വൈദ്യുതി ലൈനുകൾക്ക് മുകളിലേക്കും മരം വീണു. നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.