പൊൻകുന്നം: ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നതായി കണ്ടെത്തുകയും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്ത പൊൻകുന്നത്തെ ഹോട്ടൽ ആരോഗ്യ വകുപ്പ് അടപ്പിച്ചു.

പൊൻകുന്നം കെ എസ് ഇ ബി ഓഫീസിനു സമീപം പ്രവർത്തിച്ചു വന്നിരുന്ന കാലിക്കറ്റ് കിച്ചൻ ഹോട്ടൽ ആണ് ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയെ തുടർന്ന് അടപ്പിച്ചത്. 5000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചു ഹോട്ടൽ തുറന്നാൽ മതിയെന്ന് അധികൃതർ നിർദ്ദേശിച്ചു. ചിറക്കടവ് പഞ്ചായത്തും ആരോഗ്യവകുപ്പും സംയുകതമായി നടത്തിയ മിന്നൽ പരിശോധനയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. പഞ്ചായത്ത് സെക്രട്ടറി എസ്. ചിത്ര, അസിസ്റ്റന്റ് സെക്രട്ടറി എസ്. സിന്ധുമോൾ, ക്ലർക്ക് എം.എസ്. മനു, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷാജി മാത്യു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നിയാസ് സി. ജബ്ബാർ, എൻ.എ. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
