കോട്ടയം: കനത്ത മഴയിലും അതിശക്തമായ മഴയിലും കോട്ടയം ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ. പാലാ പ്രാവിത്താനത്ത് ശക്തമായ കാറ്റിൽ മരം വീണ് വൈദ്യുതി പോസ്റ്റ് തകർന്നു.
റോഡിനു സമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് മുകളിലേക്കും പോസ്റ്റ് മറിഞ്ഞു വീണു വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ശക്തമായ കാറ്റിൽ എരുമേലിയിൽ ഹോട്ടലിന്റെ മുൻവശത്തേക്ക് മരം ഒടിഞ്ഞു വീണു. എരുമേലി സർക്കാർ ആശുപത്രി-പോലീസ് സ്റ്റേഷൻ റോഡിൽ മരം വീണു. റെയിൽവേ ലൈനിലേക്ക് വീണ മരം വെട്ടിമാറ്റി. രാവിലെ ആരംഭിച്ച മഴ ഉച്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. കനത്ത മഴയിൽ അതിശക്തമായ കാറ്റും വീശുകയായിരുന്നു. കുമരകം-ചേർത്തല റോഡിൽ കാറുകൾക്ക് മുകളിലേക്ക് മരം വീണു. ചമ്പക്കര പള്ളിക്ക് സമീപം മരം റോഡിലേക്ക് വീണു ഗതാഗത തടസ്സം ഉണ്ടായി. ജില്ലയിൽ അതിശക്തമായ കാറ്റിൽ റോഡിലേക്ക് വീണ മരങ്ങൾ അഗ്നിരക്ഷാ സേനയെത്തി വെട്ടിമാറ്റി വൈക്കം വെച്ചൂരില്‍ റോഡിന് കുറുകെ മരംവീണ് കാറുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചു.