കോട്ടയം: രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞതിന് ശേഷമുള്ള തെരഞ്ഞെടുപ്പിൽ അക്ഷര നഗരി സാക്ഷ്യം വഹിച്ചത് ആവേശത്തിലുമുപരി അഭിമാന പോരാട്ട നിമിഷങ്ങൾക്കാണ്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമായാണ് ഇടത്-വലത് മുന്നണികളിലെ കേരളാ കോൺഗ്രസ്സുകാർ ഏറ്റെടുത്തിരിക്കുന്നത്. എൽ ഡി എഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ്സ് എം സാരഥി തോമസ് ചാഴികാടൻ മത്സരിച്ചപ്പോൾ യു ഡി എഫ് സാരഥിയായി കേരളാ കോൺഗ്രസ്സിലെ ഫ്രാൻസീസ് ജോർജ്‌ജാണ് മത്സര രംഗത്തുണ്ടായിരുന്നത്.
ഇടത് മുന്നണിയിലും വലത് മുന്നണിയിലും കേരളാ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ മത്സരിക്കാനുറച്ചതോടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമായി മാറിയത്. കോട്ടയത്തെ സിറ്റിംഗ് എം പിയാണ് തോമസ് ചാഴികാടൻ. ഇടുക്കി മുൻ എം പിയായിരുന്നു ഫ്രാൻസിസ് ജോർജ്. 1999ലും 2004ലും ഇടുക്കിയില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016ലും 2021-ലും ഇടുക്കി നിയമസഭയിലേക്ക് മത്സരിച്ച അദ്ദേഹം റോഷി അഗസ്റ്റിനോട് പരാജയപ്പെട്ടു. കേരള കോൺഗ്രസിന്‍റെ സ്ഥാപക നേതാവും ആദ്യ അധ്യക്ഷനുമായ കെ.എം. ജോർജിന്റെ മകനാണ് ഫ്രാൻസിസ് ജോർജ്. 44 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട് കേരളാ കോണ്‍ഗ്രസുകാര്‍ നേര്‍ക്കുനേര്‍ മത്സരിച്ചത്. 1980 ലാണ് അവസാനമായി കേരളാ കോൺഗ്രസ് മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മിൽ ഏറ്റുമുട്ടുന്നത്. അന്നും കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയിലും, ജോസഫ് വിഭാഗം യുഡിഎഫിലുമായിരുന്നു. അന്ന് വിജയം നേടിയത് യു ഡി എഫ് ആയിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാനാണ് ഫ്രാൻസിസ് ജോര്‍ജ്ജ്. കേരളത്തിൽ ആദ്യം ജയിക്കുന്ന സീറ്റായിട്ടാണ് കോട്ടയത്തെ യുഡിഎഫ് വിലയിരുത്തുന്നത്. 1991ൽ ഇളയ സഹോദരൻ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് തോമസ് ചാഴികാടൻ രാഷ്ട്രീയത്തിൽ എത്തുന്നത്. കെ എം മാണിയാണ് തോമസ് ചാഴികാടനെ രാഷ്ട്രീയത്തിൽ എത്തിക്കുന്നത്. 1991,1996,2001,2006 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നിയമസഭയിലെത്തി. 2011ലും 2016 ലും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. 2019ലെ പാര്‍ലമെന്റെ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്നും വിജയിച്ചു. നിലവില്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി അംഗമാണ് തോമസ് ചാഴികാടൻ. 2019ല്‍ യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചാണ് തോമസ് ചാഴികാടന്‍ മണ്ഡലത്തിൽ ജയിച്ചത്. അന്ന് ഇടത് സ്ഥാനാര്‍ഥിയായിരുന്ന വിഎന്‍ വാസവനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി മത്സരിച്ച തോമസ് ചാഴികാടന്‍ പരാജയപ്പെടുത്തിയത്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവർ ഇടത് പാളയത്തിലേക്ക് ചേക്കേറുകയായിരുന്നു. മൂന്ന് പതിറ്റാണ്ടിൽ അധികമായി പാർലമെന്ററി രംഗത്ത് സജീവ സാന്നിധ്യമാണ് എഴുപത്തൊന്നുകാരനായ തോമസ് ചാഴികാടൻ. തുടർച്ചയായി 20 വർഷത്തോളം നിയമസഭയിൽ ഏറ്റുമാനൂരിനെ പ്രതിനിധീകരിച്ചയാളാണ് തോമസ് ചാഴികാടൻ. 2019ൽ യുഡിഎഫ് സ്ഥാനാർഥിയായാണു മത്സരിച്ചത്. 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് വിജയിച്ചത്. അതേസമയം കോട്ടയത്ത് നടക്കുന്നത് മാണി-ജോസഫ് ഗ്രൂപ്പുകളുടെ അഭിമാന പോരാട്ടമാണ്.