കുവൈത്ത് തീപിടിത്തം: സ്റ്റെഫിനെ മരണം കവർന്നെടുത്തത് അടുത്ത മാസം വീട്ടിലേക്ക് അവധിക്കു വരാനിരിക്കെ, ദുരന്ത വാർത്തയിൽ ഞെട്ടി നാടും ബന്ധുക്കളും.


പാമ്പാടി: കുവൈത്ത് മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബുവിന്റെ മരണത്തിൽ ഞെട്ടി നാടും ബന്ധുക്കളും. കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29) ആണ് മരിച്ചത്.

 

 പാമ്പാടി ഇരുമാരിയേൽ സാബു എബ്രഹാമിന്റെയും ഷേർളി സാബുവിന്റെയും മകനാണ് സ്റ്റെഫിൻ. അടുത്ത മാസം വീട്ടിലേക്ക് അവധിക്കു വരാനിരിക്കെയാണ് സ്റ്റെഫിനെ മരണം കവർന്നെടുത്തത്. കുവൈത്തിൽ എൻജിനീയർ ആയി ജോലി ചെയ്യുകയായിരുന്നു സ്റ്റെഫിൻ. സഹോദരൻ ഫെബിനും ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ്.

 

 ഇരുവരും രണ്ടു സ്ഥലങ്ങളിലായിരുന്നു താമസിച്ചിരുന്നത്. അപകടത്തിൽ മരണപ്പെട്ട ഒ‍ൻപതു മലയാളികളെ തിരിച്ചറി‍ഞ്ഞു. മറ്റുള്ളവരുടെ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 മരണം സ്ഥിരീകരിച്ചു. മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിന്നുള്ള ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ തന്നെയാണ്. സ്വദേശി പൗരന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ  സർക്കാർ ഉത്തരവിട്ടു.