കർശന സുരക്ഷാ പരിശോധനയിൽ കോട്ടയം മെഡിക്കൽ കോളേജ്, സംസ്ഥാനത്ത് എസ്ഐഎസ്എഫ് സുരക്ഷയൊരുക്കുന്ന ആദ്യത്തെ മെഡിക്കൽ കോളേജായി കോട്ടയം മെഡിക്കൽ കോളേജ്!


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കർശന സുരക്ഷാ പരിശോധനയും സംവിധാനങ്ങളുമൊരുക്കി കേരള പൊലീസ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്. ഇതോടെ കോട്ടയം മെഡിക്കൽ കോളേജ് ഇനി വി ഐ പി സുരക്ഷയിലാകുന്നു.

 

 ജൂലൈ ഒന്ന് മുതലാണ് എസ്ഐഎസ്എഫ് കോട്ടയം മെഡിക്കൽ കോളേജിന് സുരക്ഷയൊരുക്കുന്നത്. സംസ്ഥാനത്ത് എസ്ഐഎസ്എഫ് സുരക്ഷയൊരുക്കുന്ന ആദ്യത്തെ മെഡിക്കൽ കോളേജായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മാറിയിരിക്കുകയാണ്. 12 പുരുഷന്മാരും 6 വനിതകളും ഉൾപ്പെടുന്ന 18 അംഗ സംഘമാണ് കോട്ടയം മെഡിക്കൽ കോളേജിന്റെ സുരക്ഷയ്ക്കായി എത്തുന്നത്.

 

 ആശുപത്രികളുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷയ്ക്കായി എസ്ഐഎസ്എഫ് അംഗങ്ങളെ നിയമിച്ചിരിക്കുന്നത്. നിലവിൽ ഒരു വർഷത്തേക്കാണ് നിയമനം നൽകിയിരിക്കുന്നത്. സാമൂഹ്യ വിരുദ്ധരുടെ ശല്യവും ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെയുള്ള ആക്രമണങ്ങൾ, ആശുപത്രിക്കുള്ളിൽ അനാവശ്യമായി കയറിയിറങ്ങുന്നവർ എന്നിവയ്‌ക്കെല്ലാം തടയിടാനാകും. നാൽപതോളം സുരക്ഷാ ജീവനക്കാരും 10 പൊലീസ് ഉദ്യോഗസ്ഥരും ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സേവനം ചെയ്യുന്നുണ്ട്.