അതിതീവ്ര മഴയും കാറ്റും: കുമരകത്ത് അതിശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നു പാടത്ത് പതിച്ചു, വാഹനങ്ങൾ നിയന്ത്രണംവിട്ടു മറിഞ്ഞു, മരം ആറ്റിലേക്ക് പതിച


കുമരകം: അതിതീവ്ര മഴയിലും കാറ്റിലും കുമരകം മേഖലയിൽ വൻ നാശനഷ്ടങ്ങൾ. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ശക്തമായ കാറ്റ് മേഖലയിൽ വീശിയടിച്ചത്. ശക്തമായ കാറ്റിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ പോലും മറിഞ്ഞു വീഴുകയായിരുന്നു. ഇരുചക്ര വാഹനങ്ങൾ കാറ്റിന്റെ ശക്തിയിൽ നിയന്ത്രണംവിട്ടു മറിഞ്ഞു.

 

 ശക്തമായ കാറ്റിൽ ഓട്ടോറിക്ഷാ റോഡിൽ നിന്നും പാടത്തേക്ക് പതിച്ചു. വീടിനു മുകളിലേക്ക് പരസ്യ ബോർഡുകൾ മറിഞ്ഞും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന് സമാനമായ കാറ്റാണ് കുമരകം മേഖലകളിൽ ഉണ്ടായത്. കുമരകത്ത് അതിശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നു പാടത്ത് പതിച്ചു. കുമരകം പഞ്ചായത്ത് അഞ്ചാം വാർഡിൽ കണ്ണങ്കരി ദേവയാനിയുടെ വീടിൻ്റെ മേൽകൂരയാണ് കൊല്ലകരി പാടത്തേക്ക് പതിച്ചത്.

 

 സംഭവ സമയത്ത് വീടിനുള്ളിൽ ദേവയാനിയും മകൻ ഷാജിയും ഷാജിയുടെ ഭാര്യ അഞ്ചുവും മക്കളായ അദ്വെതും അർച്ചിതയും ഉണ്ടായിരുന്നെങ്കിലും ആർക്കും അപകടങ്ങളൊന്നും സംഭവിച്ചില്ല. ഇവർ ബന്ധുവിന്റെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. കനത്ത മഴയിലും കാറ്റിലും കോട്ടയം കുമരകം റോഡിന്റെ വശത്ത് നിന്ന വലിയ മരം ആറ്റിലേക്ക് പതിച്ചതോടെ റോഡിൽ വിള്ളൽ ഉണ്ടായി. താഴത്തങ്ങാടി ഭാഗത്ത് മീനച്ചിലാറിൻ്റെ തീരത്തു നിന്ന മാവാണ് ആറ്റിലേക്ക് പതിച്ചത്. ആറ്റിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുകയാണ്.