'ജനങ്ങളിൽ നിന്ന് ഓടിയൊളിച്ച് പിൻവാതിലിലൂടെ അധികാരത്തിലേക്കെത്താനാണ് ശ്രമിക്കുന്നത്'; ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയതിന് എതിരെ പാലായിലെ സിപിഐഎം


പാലാ: ജനങ്ങളിൽ നിന്ന് ഓടിയൊളിച്ച് പിൻവാതിലിലൂടെ അധികാരത്തിലേക്കെത്താനാണ് കേരളാ കോൺഗ്രസ്സ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണി ശ്രമിക്കുന്നത് എന്ന് പാലാ നഗരസഭയിലെ സിപിഐഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം.

 

 നോമിനേഷൻ സംവിധാനം വന്നാലേ അദ്ദേഹത്തിന് നിയമസഭ കാണാനാവൂ എന്നും ജോസ് കെ. മാണി ജനങ്ങളിൽ നിന്ന് ഓടിയൊളിക്കുകയാണെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. സ്ഥാനമാനങ്ങൾ നേടിയെടുക്കുന്നത്തിനായി നിലപാടുകളില്ലാത്ത ജോസ് കെ മാണിയോട് യുദ്ധത്തിനില്ല എന്നും ഒന്നര വർഷത്തിനിപ്പുറം താൻ കറുത്ത വസ്ത്രം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നര വർഷം മുൻപാണ് ജോസ് കെ മാണിയുടെ ഇടപെടലിൽ ബിനുവിന് പാലാ നഗരസഭാ ചെയർമാൻ സ്ഥാനം നഷ്ടമായത്. തുടർന്ന് പിന്നീട് കൗൺസിൽ യോഗങ്ങളിൽ ബിനു കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയിരുന്നത്.