കോട്ടയം: കോട്ടയം പുതുപ്പള്ളിയിൽ യുവാവിനെ അജ്ഞാത വാഹനം ഇടിച്ചു മരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചി ഇത്തിത്താനം സ്വദേശിയായ വിഷ്ണു രാജ് (34) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ച പുതുപ്പള്ളി ചാലുങ്കൽപടിയിൽ ആണ് വിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡരികിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.  രാവിലെ ഇതുവഴി എത്തിയ നാട്ടുകാരാണ് ബൈക്ക് മറിഞ്ഞു കിടക്കുന്നതായി കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് റോഡരികിലെ ഓടയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പരുമലയിൽ ജോലി ചെയ്യുന്ന ഇത്തിത്താനം സ്വദേശിയായ വിഷ്ണുവിനെ പുതുപ്പള്ളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്. പരുമല ആശുപത്രിയിലെ ജീവനക്കാരനാണ് വിഷ്ണു. വിഷ്ണുവിന്റെ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞതാണോ അതോ മറ്റേതെങ്കിലും വാഹനം ഇടിച്ച ശേഷം നിർത്താതെ പോയതാണോ എന്നും സംശയം ഉണ്ട്. ബൈക്കിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചതിന്റെ ലക്ഷണങ്ങൾ ഉണ്ട്. വാഹനത്തിന്റെ പിൻഭാഗത്ത് തകർച്ചകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇത് നിയന്ത്രണംവിട്ടു മറിഞ്ഞതിനാൽ സംഭവിച്ചതാണോ എന്നും ചോദ്യമുയരുന്നുണ്ട്. എന്നാൽ യുവാവിന്റെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നുണ്ട്. പരുമലയിൽ ജോലി ചെയ്യുന്ന ഇത്തിത്താനം സ്വദേശിയായ യുവാവ് എങ്ങനെ പുതുപ്പള്ളിയിൽ എത്തിയെന്നും എന്തിനു പുതുപ്പള്ളിയിൽ എത്തി എന്നതുമാണ് നിലവിലെ സംശയം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.