കോട്ടയം: ഇന്നലെ ഉച്ചക്ക് ശേഷം മുതൽ ആരംഭിച്ച മഴ കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ ശക്തമായി തുടരുകയാണ്. അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട, ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.