കനത്ത മഴ: മലയോരമേഖലയിൽ അപകടസാധ്യത പരിശോധന പതിവാക്കണം, കാലവർഷത്തെ നേരിടാൻ തയാറായിരിക്കാൻ വകുപ്പുകൾക്ക് ജില്ലാ കളക്ടറുടെ നിർദ്ദേശം.


കോട്ടയം: മഴക്കാലമുന്നൊരുക്ക പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും കാലവർഷത്തെ നേരിടാൻ തയാറായിരിക്കാനും വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നിർദ്ദേശം നൽകി. മഴക്കാലമുന്നൊരുക്ക പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കളക്‌ട്രേറ്റിലെ വിപഞ്ചിക ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി. വഴിയരുകിലും സ്‌കൂളുകളിലും അപകടകരമായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ സാമൂഹിക വനവൽക്കരണ വിഭാഗം, പൊതുമരാമത്ത് വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയോട് കളക്ടർ നിർദ്ദേശിച്ചു. അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റാൻ അനുമതിക്കായി ട്രീ കമ്മിറ്റിക്കു ലഭിച്ചിട്ടുള്ള അപേക്ഷകളുടെ വിവരങ്ങൾ അടിയന്തരമായി സാമൂഹിക വനവൽക്കരണ വിഭാഗം നൽകണം. റോഡരുകിലെ സൂചനാബോർഡുകൾ മറയ്ക്കുന്ന മരച്ചില്ലകളും മറ്റു തടസങ്ങളും പൊതുമരാമത്ത് റോഡ് വിഭാഗം അടിയന്തരമായി നീക്കും. പ്രവർത്തനങ്ങൾ മേയ് 25നകം പൂർത്തീകരിക്കാൻ നിർദ്ദേശിച്ചു. വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ മരശിഖിരങ്ങൾ വെട്ടിമാറ്റുന്ന നടപടി പുരോഗമിക്കുകയാണെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേർന്ന് കിണറുകൾ അണുവിമുക്തമാക്കുന്നതിനായി ക്ലോറിനേഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കും. കോട്ടയം, പാലാ, ഏറ്റുമാനൂർ നഗരസഭകളിലെ മാർക്കറ്റുകളിൽനിന്നുള്ള മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിലയിരുത്തി. റോഡരികിലുള്ള ജലാശയങ്ങളെക്കുറിച്ച് സൂചന നൽകാനായി റിഫ്‌ളക്ടറുകൾ അടിയന്തരമായി സ്ഥാപിക്കാൻ പി.ഡബ്ല്യൂ.ഡിയോട് നിർദ്ദേശിച്ചു. സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ആരംഭിച്ചതായി ആർ.ടി.ഒ. യോഗത്തെ അറിയിച്ചു. സ്‌കൂൾ വിദ്യാർഥികളുടെ യാത്രയ്ക്കായി ഫിറ്റ്‌നസ് ഇല്ലാത്ത ഒരു വാഹനവും ഓടിക്കാൻ പാടില്ല. ഇക്കാര്യം ആർ.ടി.ഒ. ഉറപ്പാക്കണം. സ്‌കൂൾ അങ്കണങ്ങൾ വൃത്തിയാക്കൽ, കുടിവെള്ള ടാങ്ക് വൃത്തിയാക്കൽ പ്രവർത്തികൾ, ഫിറ്റ്‌നസ് നടപടികൾ എന്നിവ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ ഉപഡയറക്ടർ പറഞ്ഞു. ഡി.ഇ.ഒ, എ.ഇ.ഒ. എന്നിവരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എല്ലാ സ്‌കൂളുകളും സന്ദർശിച്ച് പ്രവർത്തികൾ പരിശോധിക്കും. സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്, ചുറ്റുമതിലുകളുടെ ഉറപ്പ് എന്നിവ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിലെ വെള്ളച്ചാട്ടങ്ങളടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിരോധനം-മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാൻ വിനോദസഞ്ചാരവകുപ്പിനോട് നിർദ്ദേശിച്ചു. പോളശല്യം കുറഞ്ഞതിനാൽ കോടിമതയിലേക്കുള്ളതും മുഹമ്മ-മണിയാപറമ്പ് സർവീസും പുനഃരാരംഭിച്ചതായി ജലഗതാഗത വകുപ്പ് അറിയിച്ചു. സർവീസ് ബോട്ടുകൾക്കെല്ലാം ഫിറ്റ്‌നസ് നേടിയിട്ടുള്ളതായും വകുപ്പ് അറിയിച്ചു. ജലഅതോറിറ്റി അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ റോഡുകളിൽ മുന്നറിയിപ്പു ബോർഡുകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചു. നദികളിലെ ജലമൊഴുക്ക് സുഗമമാക്കാൻ ഇറിഗേഷൻ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികളും യോഗം വിലയിരുത്തി. മഴക്കാലത്ത് മഴക്കെടുതി-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിൽ തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ പതിവായി പരിശോധന നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ആളുകളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കണം. മികച്ച സുരക്ഷിതകേന്ദ്രങ്ങൾ നേരത്തെ തയാറാക്കി വയ്ക്കണം. കാലവർഷം ആരംഭിച്ചാൽ വില്ലേജ് ഓഫീസർമാർ അനുവാദമില്ലാതെ ഓഫീസ് പരിധിവിട്ട് പോകാൻ പാടില്ല. നാശനഷ്ടങ്ങൾ ഒരുമിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി കാത്തിരിക്കരുത്. നാശനഷ്ടം സംബന്ധിച്ച റിപ്പോർട്ടുകൾ വേഗത്തിൽ നൽകണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സന്നദ്ധസേനയുടെ സേവനം ഉറപ്പാക്കണം. വില്ലേജ് തലത്തിൽ ദ്രുതകർമ സംഘങ്ങളെ നിയോഗിക്കുന്നത് ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് സഹായകമാകും.  വെള്ളം കയറുന്ന സ്‌കൂളുകളിൽ ദുരിതാശ്വാസക്യാമ്പ് നടത്തരുത്. അങ്ങനെയുള്ള സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ അനുയോജ്യമായ സ്ഥലം നേരത്തെ കണ്ടെത്തി റിപ്പോർട്ട് ചെയ്യണമെന്നും കളക്ടർ പറഞ്ഞു.