കോട്ടയം: പൊതുജനങ്ങൾക്കു നൽകേണ്ട വിവരങ്ങൾ പരാമവധി ബന്ധപ്പെട്ട വകുപ്പുകളുടെ വെബ്‌സൈറ്റുകൾ വഴി ലഭ്യമാക്കാൻ ഓഫീസ് മേധാവികൾ ശ്രദ്ധിക്കണമെന്ന് വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ്. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വിവരാവകാശ കമ്മിഷൻ ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള കഴിയുന്നത്ര വിവരങ്ങൾ യു.ആർ.എൽ. (യൂണിഫോം റിസോഴ്‌സ് ലൊക്കേറ്റർ) മുഖേന വിവരാവകാശപ്രകാരം അപേക്ഷിക്കുന്നവർക്കു നൽകണം. വിവരാവകാശ നിയമം നടപ്പായി 19 വർഷം പിന്നിട്ടിട്ടും കാലഘട്ടത്തിന് അനുസരിച്ചു വിവരങ്ങൾ കൈമാറാൻ കഴിയുന്നില്ലെന്നും ഇക്കാര്യത്തിൽ ഓഫീസ് മേധാവികൾ ശ്രദ്ധ പുലർത്തണമെന്നും കമ്മിണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. രാവിലെ 10.30 മുതൽ വൈകിട്ടു 6.20 വരെ നീണ്ട ഹിയറിങ്ങിൽ 39 പരാതികൾ പരിഗണിച്ചു.ഇതിൽ 37 പരാതികളിൽ തീർപ്പാക്കി. ഏഴു പരാതികൾ അടുത്ത സിറ്റിങ്ങിലേക്കു മാറ്റി.