സിവിൽ സർവ്വീസ് പരീക്ഷാ ഫലം: മഞ്ജുഷയ്ക്ക് ഇത് ഇരട്ടി മധുരം, വായനയെ ഒപ്പം കൂട്ടി, നിരന്തര പരിശ്രമത്തിൽ മൂന്നാം ശ്രമത്തിൽ റാങ്ക് തിളക്കത്തിൽ പാലാ സ്വദേശി


പാലാ: സിവിൽ സർവ്വീസ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ 195ാം റാങ്ക് നേടിയ മഞ്ജുഷയ്ക്ക് ഇത് ഇരട്ടി മധുരം. നിരന്തരമായ പരിശ്രമത്തിലൂടെയാണ് മഞ്ജുഷ തിളക്കമാർന്ന നേട്ടം കരസ്ഥമാക്കിയത്. പാലാ രാമപുരം സ്വദേശിനി ലാവണ്യ ഹൗസിൽ മഞ്ജുഷ ബി ജോർജാണ്(26) സിവിൽ സർവീസ് പരീക്ഷയിൽ 195ാം റാങ്ക് നേടിയത്. കുട്ടിക്കാലം മുതലുള്ള വായനയെ ഒപ്പം കൂട്ടി വർത്തമാനകാല സംഭവങ്ങൾ ഒന്നും വിടാതെ വായിച്ചു മനസിലാക്കിയത് ഏറെ ഗുണം ചെയ്തതായി മഞ്ജുഷ പറഞ്ഞു. മൂന്നാം ശ്രമത്തിലാണ് മഞ്ജുഷ റാങ്ക് തിളക്കത്തിൽ എത്തുന്നത്. ദിവസം 7 മണിക്കൂർ വരെയായിരുന്നു പഠന സമയം. റിട്ട.ഐ ബി ഉദ്യോഗസ്ഥൻ ബാബുരാജിൻെറയും ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപികയായ ലൗലിയുടെയും മകളാണ് മഞ്ജുഷ. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ബംഗളൂരു മൗണ്ട് കാർമല്‍ കോളജില്‍ നിന്ന് ബിരുദവും കൊച്ചിൻ യൂനിവേഴ്സിറ്റിയില്‍ നിന്ന് എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് ബിരുദവും കരസ്ഥമാക്കി.