കോട്ടയം: ''തെരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച വന്ന് വോട്ട് ചെയ്യാൻ മറക്കരുത് '', മിഠായി പിൻ ചെയ്ത കാർഡ് കൈമാറിക്കൊണ്ട് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നാഗമ്പടം ബസ് സ്റ്റാൻഡിലെ യാത്രക്കാരോട് അഭ്യർഥിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പങ്കാളിത്തം ഉയർത്തുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളായി ഭാഗമായിട്ടായിരുന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അഭ്യർഥന. നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തിയ യാത്രക്കാരോടും ബസുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും ജീവനക്കാരോടും സമ്മതിദാനവകാശം വിനിയോഗിക്കാൻ മറക്കരുതെന്ന് മിഠായി കൈമാറിക്കൊണ്ടു കളക്ടർ അഭ്യർഥിച്ചു. പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് ജില്ലാ ഭരണകൂടം പരിപാടി നടപ്പാക്കിയത്. സ്റ്റാൻഡിൽ കാത്തുകിടന്ന ബസിൽ കയറിയ ജില്ലാ കളക്ടർ യാത്രക്കാർക്ക് മിഠായി പിൻ ചെയ്ത വോട്ടഭ്യർഥിച്ചുകൊണ്ടുള്ള കാർഡുകൾ കൈമാറി. സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യാത്രക്കാർക്കും കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മധുരം നൽകി. കുട്ടികൾക്കും മധുരം നൽകിയ കളക്ടർ വീട്ടിലുള്ള മുതിർന്നവരോട് നിർബന്ധമായും വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടണമെന്ന് പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ പി.എ. അമാനത്ത്, ബസ് ഉടമാ പ്രതിനിധികളായ ജാക്‌സൺ സി. ജോസഫ്, കെ.എസ്. സുരേഷ്, ടി.യു. ജോൺ, വിനോജ് കെ. ജോർജ്, പി.വി. ചാക്കോ പുല്ലത്തിൽ എന്നിവർ ജില്ലാ കളൿറ്റർക്കൊപ്പം ഉണ്ടായിരുന്നു.