കോട്ടയം: കോട്ടയം സ്വദേശികളും ആയുർവേദ ഡോക്ടര്മാരുമായ ദമ്പതികളുടെ മരണത്തിൽ ദുരൂഹത തുടരുന്നു. കോട്ടയം മീനടം സ്വദേശികളായ നവീൻ തോമസ് (39), ഭാര്യ ദേവി മാധവൻ (39) എന്നിവരെയും ഇരുവരുടെയും സുഹൃത്തും അധ്യാപികയുമായ ആര്യ (29) എന്നിവരാണ് അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു’ എന്നെഴുതിയ കുറിപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മൂവരും മരണത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ഗൂഗിളിൽ തിരഞ്ഞതു മരണാനന്തര ജീവിതത്തെപ്പറ്റിയെന്ന് പോലീസ് വെളിപ്പെടുത്തി. ഹോട്ടൽ മുറിയിൽ നിന്നും ലഭിച്ച ഇവരുടെ ഫോണുകൾ പരിശോധിച്ചതിൽ നിന്നുമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചത്. മാർച്ച് 17നാണ് കോട്ടയത്തെ വീട്ടിൽനിന്ന് പോയതെന്ന് ആണ് ബന്ധുക്കൾ പറയുന്നത്. അരുണാചലിൽ ഒരു സെമിനാറുണ്ടെന്നും ബന്ധുക്കളോട് പറഞ്ഞതിന് ശേഷമാണ് ഇരുവരും വീട് വിട്ടത്. മരണാനന്തരം എന്തു സംഭവിക്കും, മരണാനന്തരം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, മരണത്തിനുശേഷമുള്ള അധ്യാത്മിക കാര്യങ്ങൾ എന്നിവയാണ് ഇവർ കൂടുതലായും ഗൂഗിളിൽ തെരഞ്ഞത്. വിവാഹം കഴിഞ്ഞ് 13 വർഷമായിട്ടും ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. ഇരുവരും ആയുർവേദ ഡോക്ടർമാർ ആയിരുന്നു. നവീന്റെ പിതാവും മാതാവുമാണ് ഇപ്പോൾ കോട്ടയത്തെ വീട്ടിലുള്ളത്. പിതാവ് എൻ.എ.തോമസ് ആദായനികുതി വകുപ്പ്  ഉദ്യോഗസ്ഥനാണ്. മാതാവ് കേരള ഫിനാൻഷ്യൽ കോർപറേഷൻ മാനേജരായിരുന്നു. ഒരു സഹോദരിയും നവീനുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ ആര്യയെ 7 ദിവസം മുൻപ് കാൺമാനില്ലെന്നു കാണിച്ചു കഴിഞ്ഞ മാസം 27 ണ് ആര്യയുടെ പിതാവ് തിരുവനന്തപുരം വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൂവരുടയും കൂട്ടമരണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. മൂവരും ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ അകപ്പെട്ടതായി സാംസ്കാരിക പ്രവർത്തകനും മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. പ്രമുഖ വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫര്‍ ബാലന്‍ മാധവന്റെ മകളാണ് ദേവി. ആയുർവേദ ഡോക്ടർമാരായ ഇരുവരും കുറച്ചു നാളായി ഇത്തരത്തിലുള്ള പ്രവർ‌ത്തനങ്ങളിൽ പെട്ടിരിക്കുകയായിരുന്നു എന്നും ദേവിക്ക് കഴിഞ്ഞ കുറച്ചു കാലവുമായി ഭക്തി കൂടുതലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ജോലിയുപേക്ഷിച്ച് ദേവി ജർമൻ പഠിപ്പിക്കുന്ന അധ്യാപികയായി. നവീൻ കേക്ക് ഉണ്ടാക്കുന്ന ബിസിനസിലേക്കും മാറി. ആര്യയെ കാണാതായതുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം സ്വദേശികളായ ദമ്പതികളെയും കാണാതായതായി വിവരം ലഭിക്കുന്നത്. ശരീരത്തിൽ വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് എല്ലാവരുടെയും മരണം. ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു. നവീൻ, ദേവി എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് കേസ് റജിസ്റ്റർ ചെയ്തിരുന്നില്ല. വിനോദയാത്രയ്ക്ക് എന്ന പേരിലാണ് ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിയത്. അതിനാൽ ഇവരെക്കുറിച്ച് ബന്ധുക്കൾക്ക് സംശയങ്ങൾ ഉണ്ടായിരുന്നില്ല. ആര്യയും ദേവിയും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നാണ് സൂചന. ഇരുവരും തിരുവനന്തപുരത്ത് ഒരേ സ്‌കൂളിൽ അധ്യാപികമാരായിരുന്നു. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു’ എന്ന് എഴുതിയ കുറിപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. വിവാഹം നിശ്ചയിച്ചതിനു പിന്നാലെയാണ് ആര്യയെ കാണാതായത്. മൂവരും ഒരേ വിമാനത്തിൽ അസം തലസ്ഥാനമായ ഗുവാഹത്തിയിലേക്കു പോയതായി പൊലീസിനു വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരേക്കുറിച്ചുള്ള വിവരങ്ങൾ കേരള പൊലീസ് അസം പൊലീസിനു കൈമാറിയിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൂവരും ഒന്നിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ അസമിലേക്കു പോയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മന്ത്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഘടനയിൽ ഇരുവരും അംഗങ്ങളായിരുന്നെന്നും നാട്ടുകാർ പറയുന്നു. മൂവരുടെയും അടുത്ത സുഹൃത്തുക്കൾ പോലും ഇവരുടെ യാത്ര അറിഞ്ഞിരുന്നില്ല. മൂവരുടേതും ആത്മഹത്യയാണെന്നാണു പ്രാഥമിക  നിഗമനമെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണൽ സി.എച്ച്.നാഗരാജു മാധ്യമങ്ങളോടു പറഞ്ഞു. വളരെ സന്തോഷത്തോടെയാണ് അവർ ജീവിച്ചിരുന്നതെന്നും എന്താണു മരണത്തിന്റെ കാരണമെന്ന് അറിയില്ലെന്നും ദേവിയും നവീനും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും ദേവിയുടെ പിതാവ് ബാലൻ മാധവൻ പറഞ്ഞു. അരുണാചലിലെ ജിറോയിലെ ബ്ലൂപൈൻ ഹോട്ടലിലെ 305-ാം നമ്പർ മുറിയിലായിരുന്നു മൂവരും താമസിച്ചിരുന്നത്. ആര്യയുടെ മൃതദേഹം മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ദേവിയുടെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. നവീൻ തോമസിനെ കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്കരികെ ബ്ലേഡും മദ്യക്കുപ്പികളുണ്ടായിരുന്നു.