എരുമേലി തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ വീട് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു, നഷ്ടപരിഹാരം ഉടൻ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്


എരുമേലി: എരുമേലി തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ വീട് ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ബിജുവിന്റെ വീട്ടിലെത്തി ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും മന്ത്രി വീണാ ജോർജ് നേരിൽ കണ്ടു സംസാരിച്ചു. നഷ്ടപരിഹാരം ഉടൻ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. കേന്ദ്ര വന നിയമത്തിൻ്റെയടിസ്ഥാനത്തിൽ സംസ്ഥാനത്തിന് ഇടപെടാൻ കഴിയാത്ത സാഹചര്യത്തിലാണ് വന്യമൃഗ - മനുഷ്യ സംഘർഷത്തെ സംസ്ഥാന ദുരന്തമായി സംസ്ഥാന മന്ത്രിസഭ കഴിഞ്ഞമാസം പ്രഖ്യാപിച്ചത്. ഇതിൻ്റെയടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പെട്ടെന്നുള്ള ഇടപെടലുകളാണ് ഉണ്ടായത് എന്നും മന്ത്രി പറഞ്ഞു. പ്രമോദ് നാരായണൻ എംഎൽഎയും പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിഎസ് മോഹനനും മെമ്പർമാരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പമ്പാവാലി തുലാപ്പള്ളി പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.