സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ചങ്ങനാശ്ശേരിയിൽ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു.


ചങ്ങനാശ്ശേരി: സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ചങ്ങനാശ്ശേരിയിൽ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആറ്റുവക്കേരി കളിയിക്കൽ ചിറയിൽ കെ.എസ്.രാജേഷിന്റെ മകൻ കെ.ആർ.ആദിത്യനാണ് (കണ്ണൻ 17) മരിച്ചത്. ചങ്ങനാശ്ശേരി നഗരസഭയുടെ ടൗൺ ഹാളിനോട് ചേർന്നുള്ള പൂവക്കാട്ടു ചിറ കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ശനിയാഴ്ച ഉച്ചക്കാണ് അപകടം ഉണ്ടായത്. ആദിത്യൻ മുങ്ങിപ്പോകുന്നത് കണ്ടു സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ സേനയെയും പോലീസിനെയും അറിയിച്ചത്. അഗ്നിരക്ഷാസേന സ്കൂബ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കുളത്തിൽ അടിതട്ടിലെ ചെളിയിൽ കൈയും കാലും പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. ചങ്ങനാശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍ വൺ വിദ്യാർഥിയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. വനിതയാണ് മാതാവ്. അർജുൻ,അഭിഷേക് എന്നിവർ സഹോദരങ്ങളാണ്.