പക്ഷിപ്പനി: ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 34 തദ്ദേശ സ്ഥാപനങ്ങളിൽ താറാവ്, കോഴി, കാട എന്നിവയുടെ മുട്ട, ഇറച്ചി വിപണനം 25 വരെ നിരോധിച്ചു.


കോട്ടയം: ആലപ്പുഴയിൽ 2 സ്ഥലങ്ങളിലെ താറാവുകളിൽ പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ (എച്ച്5 എൻ1) കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മൂന്നു കർഷകരുടേതായി 3,409 താറാവുകളാണ് ഇതുവരെ ചത്തത്. പക്ഷിപ്പനി ബാധിത പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ ആകെ 21,529 പക്ഷികളെയാണു കൊന്നു മറവു ചെയ്യുന്നത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തിന്റെ 3 കിലോ മീറ്റർ ചുറ്റളവിൽ ഫീവർ സർവേ നടത്തുകയും പനിയുള്ളവരിലെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. ആശാ പ്രവർത്തകരുടേയും ഫീൽഡ്തല ജീവനക്കാരുടേയും നേതൃത്വത്തിൽ ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തമാക്കും. പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി ഇടപെട്ടവർ ക്വാറന്റൈൻ കൃത്യമായി പാലിക്കണം. ഈ പ്രദേശത്തിന് 10 കിലോ മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തും. ഏതെങ്കിലും തരത്തിലുള്ള പക്ഷി മരണങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യണം. വൺ ഹെൽത്ത് പരിശീലനം ലഭിച്ച വോളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കും. പക്ഷിപ്പനി ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 34 തദ്ദേശ സ്ഥാപനങ്ങളിൽ താറാവ്, കോഴി, കാട എന്നിവയുടെ മുട്ട, ഇറച്ചി വിപണനം 25 വരെ നിരോധിച്ചു. കോട്ടയം ജില്ലയിലെ ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി പഞ്ചായത്ത് എന്നിവിടങ്ങളിലാണു നിരോധനം. ഏതെങ്കിലും സാഹചര്യത്തിൽ മനുഷ്യരിൽ പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നെങ്കിൽ ഐസൊലേഷൻ സെന്ററായി ആലപ്പുഴ ജനറൽ ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് റെഡ് സോണിൽ നിന്നും വരുന്ന ഫീവർ കേസുകൾ നേരിട്ട് ജനറൽ ഒ.പി യിൽ വരുന്നതിന് പകരം ആരോഗ്യവകുപ്പ് ജീവനക്കാരെ മുൻകൂട്ടി അറിയിച്ച് ഇതിനായി സജ്ജമാക്കിയ പ്രത്യേക ഒ.പി. സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ഗുരുതര കേസുകളുണ്ടായാൽ ചികിത്സിക്കാനായി ആലപ്പുഴ മെഡിക്കൽ കോളേജിൽ സൗകര്യമൊരുക്കും. സുപ്രണ്ടിന്റെ നേതൃത്വത്തിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിക്കാൻ നിർദേശം നൽകി.