ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുപ്പ്: ആക്ഷേപമുള്ളവർ 15 ദിവസത്തിനുള്ളിൽ അറിയിക്കണം.


കോട്ടയം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുപ്പ് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയതോടെ ആക്ഷേപമുള്ളവർ 15 ദിവസത്തിനുള്ളിൽ അറിയിക്കണമെന്നു സംസ്ഥാന സർക്കാർ. 1000.28 ഹെക്ടർ ഭൂമിയാണു സർക്കാർ ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്. 2264.09 ഏക്കർ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് ഏറ്റെടുക്കുന്നത്. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി 47 സർവേ നമ്പരുകളിൽ നിന്നായി 441 കൈവശങ്ങളാണ് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 19, 21,22, 23 ബ്ലോക്കുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പർ 22 ലെ 281, 282, 283 സർ‍വേ നമ്പരുകൾ മണിമല വില്ലേജിലെ ബ്ലോക്ക് നമ്പർ 21 ൽ ഉൾപ്പെട്ട 299 സർവേ നമ്പരിൽ ഉൾപ്പെട്ട സ്ഥലവും ആണ് ചെറുവള്ളി എസ്റ്റേറ്റിൽ നിന്നും ഏറ്റെടുക്കുന്നത്.