‘പത്തനംതിട്ടയിലെ എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവർക്കും എന്റെ നമസ്കാരം’, അനിൽ കെ.ആന്റണി യുവത്വത്തിന്റെ ഊർജ്ജം, ഇത്തവണ ബിജെപി രാജ്യത്ത് നാനൂറിലധികം സീറ്


പത്തനംതിട്ട: ‘പത്തനംതിട്ടയിലെ എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവർക്കും എന്റെ നമസ്കാരം', പത്തനംതിട്ടയിൽ മലയാളത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണിയുടെ പ്രചാരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ചാണ് പ്രധാനമന്ത്രി പൊതുയോഗത്തിൽ സംസാരം ആരംഭിച്ചത്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി യുവത്വത്തിന്റെ ഊർജ്ജമാണെന്നും ഇത്തരക്കാരെയാണ് ബിജെപി മത്സരിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ ഇത്തവണ താമര വിരിയുമെന്നും രണ്ടക്ക സീറ്റ് കേരളത്തിൽ ബിജെപി സ്വന്തമാക്കുമെന്നും വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മലയാളത്തിൽ സംസാരിച്ചു തുടങ്ങിയതോടെ അദ്ദേഹത്തിൻറെ വാക്കുകൾ സദസ്സ് ഏറ്റെടുക്കുകയായിരുന്നു. ആറന്മുള കണ്ണാടി നൽകിയാണ് അനിൽ ആന്റണി പ്രധാനമന്ത്രിയെ സ്വീകരിച്ചത്. നേതാക്കൾക്കൊപ്പം എൻഡിഎ സ്ഥാനാർഥികളായ കേന്ദ്ര മന്ത്രി വി.മുരളീധരൻ, ശോഭാ സുരേന്ദ്രൻ, തുഷാർ വെള്ളാപ്പള്ളി, ബൈജു കലാശാല എന്നിവരും വേദിയിൽ ഉണ്ടായിരുന്നു. കേരളത്തിൽ എൽ ഡി എഫ്-യു ഡി എഫ് മാറി മാറി ഭരിക്കുമ്പോഴും ഇവിടെ ഇവർ പോരടിക്കുമ്പോൾ കേന്ദ്രത്തിൽ ഒരു മുന്നണിയാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ റബ്ബർ കർഷകർ അനുഭവിക്കുന്ന ദുരിതം പോരടിക്കുന്നതിനിടെ ഇരു പാർട്ടികളും മറക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണ് ഇരു പക്ഷങ്ങളുടെയും രാഷ്ട്രീയമെന്നും അഴിമതിയിൽ മുങ്ങിയ എൽഡിഎഫും യുഡിഎഫും അക്രമരാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ് എന്നും പ്രധാനമന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു. കേരളത്തിന്റെ പുരോഗതിക്കായി കേന്ദ്രത്തിൽ ബിജെപി സർക്കാർ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കിയിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ബിജെപിക്ക് എംപിമാരുണ്ടെങ്കിൽ കേരളത്തിന്റെ ആവശ്യങ്ങൾ കൃത്യമായി അറിയിക്കാനും കേന്ദ്രപദ്ധതികൾ നടപ്പാക്കാനും എളുപ്പത്തിൽ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.