വൈക്കം: വോട്ടവകാശത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തിൽ വൈക്കം ബീച്ചിൽ ദീപം തെളിയിക്കൽ പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ വോട്ടെടുപ്പിൽ ജനപങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിന്റെ ( സ്വീപ്) നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. സർക്കാർ ജീവനക്കാർ, പൊതുജനങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പ്ലക്കാർഡുകളും മെഴുക് തിരിയുമായി ഐ വോട്ട് ഫോർ ഷുവർ (I vote for sure) എന്ന മാതൃകയിൽ അണി നിരന്നു. ബീച്ചിനു സമീപം സെൽഫി പോയിന്റുകളും ഒരുക്കിയിരുന്നു. പരിപാടിയിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കോട്ടയം സബ് കളക്ടർ ഡി. രഞ്ജിത്ത്, പുഞ്ച സ്‌പെഷ്യൽ ഓഫീസർ എം. അമൽ മഹേശ്വർ, വൈക്കം തഹസിൽദാർ കെ.ആർ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.