ശബരിമല: ഇരുപത്തിയൊന്നാം തവണയും ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിക്കൂറയും കൊടിക്കയറും ഒരുക്കുന്നതിനുള്ള നിയോഗം ഇത്തവണയും കോട്ടയം ചെങ്ങളം സ്വദേശിയായ വടക്കത്ത ഇല്ലത്ത് ഗണപതി നമ്പൂതിരിയെ തേടി എത്തി. മൂന്നര പതിറ്റാണ്ടിലധികമായി ക്ഷേത്ര ചമയനിർമ്മാണ രംഗത്ത് സജീവമായി കോട്ടയം ചെങ്ങളം സ്വദേശിയായ ഗണപതി നമ്പൂതിരി. ശബരിമല ഉൾപ്പടെ 500 ലധികം ക്ഷേത്രങ്ങളിൽ ഉത്സവങ്ങളുടെ ഭാഗമായി കൊടിക്കൂറയും കയറും നിർമ്മിച്ചു നൽകുന്നത് ഗണപതി നമ്പൂതിരിയാണ്. സംസ്ഥാനത്തിനകത്ത് നിന്നും പുറത്തു നിന്നും നിരവധി ക്ഷേത്ര ഭാരവാഹികളാണ് ഇദ്ദേഹം തയ്യാറാക്കുന്ന കൊടിക്കൂറയ്ക്കും കയറിനുമായി കോട്ടയം ചെങ്ങളത്തെ ഇല്ലത്ത് എത്തുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഇദ്ദേഹം ഇല്ലത്തിനടുത്തെ ചെങ്ങളത്തു കാവിലെ ക്ഷേത്രത്തിലേക്ക് ഉത്സവത്തിന് കൊടിക്കൂറ തയ്യാറാക്കിയാണ് മൂന്നര പതിറ്റാണ്ടുകൾക്ക് മുൻപ് ഈ മേഖലയിലേക്ക് കടന്നു വന്നത്. ശബരിമലയിലേക്ക് ഇത് തുടർച്ചയായ പത്തൊൻപതാം വർഷമാണ് കൊടിക്കൂറ നിർമ്മിച്ചു നൽകുന്നതെന്നു ഇദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിയോഗമായി ഇതിനെ കാണുന്നു എന്നും ഗണപതി നമ്പൂതിരി പറഞ്ഞു. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും ഇദ്ദേഹത്തിനുണ്ട്. കൊടിക്കൂറയും കയറും നിർമ്മിക്കുന്നത് ഇല്ലത്തിനോട് ചേർന്ന് തന്നെയാണ്. ഭാര്യക്കും മകനും പുറമെ 6 പേർ കൂടി നിർമ്മാണ പ്രവർത്തനങ്ങളിൽ സഹായിക്കാനുണ്ടെന്നു ഗണപതി നമ്പൂതിരി പറഞ്ഞു. ഓരോ പ്രതിഷ്ഠകൾക്കും വ്യത്യസ്തമായ രീതിയിലാണ് കൊടിക്കൂറകൾ തയ്യാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മൂർത്തിയുടെയും വാഹനത്തിനനുസരിച്ചാണ് കൊടിക്കൂറയുടെ മേൽ ഭാഗം തയ്യാറാക്കുന്നത്. കൊടി മരത്തിന്റെ മുകളിലെ വലുപ്പം അനുസരിച്ചാണ് കൊടിക്കൂറയുടെ വലിപ്പം നിശ്ചയിക്കുന്നത്. ഗുരുവായൂരപ്പനും പത്മനാഭ സ്വാമി ക്ഷേത്രത്തിലും കൊടിക്കൂറ നൽകണമെന്നാണ് ഗണപതി നമ്പൂതിരിയുടെ ഏറ്റവും വലിയ ആഗ്രഹം. ഓരോ വർഷവും പുതുതായി നിരവധി ക്ഷേത്രങ്ങൾ കൊടിക്കൂറയ്ക്കും കയറിനുമായി തന്നെ സമീപിക്കാറുണ്ടെന്നും ഗണപതി നമ്പൂതിരി പറഞ്ഞു. ഗണപതി നമ്പൂതിരിയുടെ മകൻ അരുൺ ശങ്കർ ഇന്നലെ ശബരിമലയിൽ എത്തി കൈമാറി. ഇന്നാണ് ശബരിമലയിൽ കൊടിയേറ്റ്.