ജീവിത സാഹചര്യങ്ങളോട് പോരാട്ടം; അപ്പുവിന് കൈത്താങ്ങേകി സർക്കാർ.

കോട്ടയം: ജീവിത സാഹചര്യങ്ങളോടു തളരാതെ പോരാടുന്ന കടപ്ലാമറ്റം കാഞ്ഞിരത്താംകുഴി വീട്ടിൽ അപ്പു ശശിക്ക് കൈതാങ്ങേകി സർക്കാർ. 30 വർഷമായി രേഖകളില്ലാതെ കിടന്ന മൂന്നര സെന്റ് ഭൂമിയ്ക്കാണ് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിൽ പട്ടയം ലഭിച്ചത്. സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവനിൽ നിന്ന് സ്വന്തം ഭൂമിയുടെ അവകാശ രേഖ കൈപ്പറ്റി. സർക്കാർ നടപടിയിൽ അതിയായ സന്തോഷമുണ്ടെന്ന് അപ്പു ശശി പറഞ്ഞു. മൂന്നു വർഷമായി അപ്പുവിന്റെ ജീവിതം വീൽ ചെയറിലാണ്. മരം മുറിയ്ക്കുന്നതിനിടെ തടി നട്ടെല്ലിൽ വീണാണ് അപകടം സംഭവിച്ചത്. ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ഭാര്യ സുനു സുരേഷ് കൂലിപ്പണി ചെയ്താണ് കുടുംബ ചെലവിനുള്ള തുക കണ്ടെത്തുന്നത്. നിലവിൽ ഭാര്യ വീടായ കാഞ്ഞിരമറ്റത്താണ് താമസം. പട്ടയം ലഭ്യമായ ഭൂമിയിൽ ഒരു വീടെന്ന സ്വപ്‌നം സഫലമാക്കുകയാണ് ഇനി അപ്പുവിന്റെയും കുടുംബത്തിന്റെയും ആഗ്രഹം.