തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ മുന്നൊരുക്കങ്ങൾ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ അജയ് ബദു ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിലയിരുത്തി. തിരഞ്ഞെടുപ്പ് കാലത്ത് അനധികൃത ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയുന്നതിന് വിവിധ സർക്കാർ ഏജൻസികൾ ഏകോപിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അക്രമങ്ങൾ കർശനമായി നിയന്ത്രിക്കണം. അനധികൃത പണം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സാഹചര്യം ഒഴിവാക്കാനും കർശന നടപടി ഉണ്ടാകണമെന്നും ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ പറഞ്ഞു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണ്ണമാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സ്റ്റേറ്റ് പോലീസ് നോഡൽ ഓഫീസറും ക്രമസമാധാന ചുമതലയുള്ള എ ഡിജിപിയുമായ എം ആർ അജിത് കുമാർ സംസ്ഥാന പോലീസിന്റെ തയ്യാറെടുപ്പുകളെ കുറിച്ച് വിശദീകരിച്ചു. തെരഞ്ഞെടുപ്പ് കാലയളവിൽ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് വിവിധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുമായും കൂടിക്കാഴ്ച നടത്തി. സെൻട്രൽബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ്, സംസ്ഥാന ജിഎസ്ടി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, എക്സൈസ് വകുപ്പ്, ഇൻകംടാക്സ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, കോസ്റ്റ് ഗാർഡ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ,സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി എന്നിവയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ നടത്തുന്ന ഒരുക്കങ്ങളെ കുറിച്ചും സുരക്ഷിതമായ തിരഞ്ഞെടുപ്പിന് ജില്ലകളിൽ പോലീസ് സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചും ജില്ലാ കളക്ടർ മാരുമായും ജില്ലാ പോലീസ് മേധാവിമാരുമായും നടത്തിയ അവലോകന യോഗത്തിൽ വിലയിരുത്തി.