അക്ഷയോൽസവം സമ്മാനവിതരണം നടത്തി.


കോട്ടയം: ഇരുപത്തിഒന്നാമത് അക്ഷയ ദിനാഘോഷത്തിന്റെ ഭാഗമായി അക്ഷയോത്സവം 2023 എന്ന പേരിൽ അക്ഷയ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്ത സൗജന്യ സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ പൊന്തൻപുഴ സ്വദേശിയായ വിഷ്ണു ബിജുവിന് ഒന്നാം സമ്മാനം. അച്ചായൻസ് ഗോൾഡ് ഉടമ  ടോണി  ജോസഫ് സ്പോൺസർ ചെയ്ത ഒരു പവൻ സ്വർണമാണ് സമ്മാനമായി ലഭിച്ചത്. രണ്ടാം സ്ഥാനം കടുത്തുരുത്തി ബ്ലോക്കിലെ ശാന്തിപുരം സ്വദേശി ജോസി ജോസഫും മൂന്നും നാലും സമ്മാനങ്ങൾ  യഥാക്രമം ഈരാറ്റുപേട്ട ബ്ലോക്കിലെ പെരിങ്ങളം സ്വദേശികളായ ഫാൻസി ജോർജ്, കവിത ബി നായർ എന്നിവർ നേടി. അഞ്ചാം സ്ഥാനം കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ മുക്കട സ്വദേശി  ജോസഫ് നേടി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്തു. ടിവി, വാഷിംഗ് മെഷീൻ, ഡിന്നർ സെറ്റ് എന്നിവയാണ് മറ്റു സമ്മാനങ്ങൾ. ചടങ്ങിൽ അക്ഷയ ഉദ്യോഗസ്ഥർ, ജില്ലാ ഓഫീസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ജില്ലയിലെ അക്ഷയ സംരംഭകർക്കു കെ-സ്മാർട്ട് സേവനം സംബന്ധിച്ച് പരിശീലന പരിപാടിയും ഇതോടൊപ്പം സംഘടിപ്പിച്ചു.