അക്ഷരങ്ങളുടെയും കായലിന്റെയും റബറിന്റെയും ഒപ്പം സ്‌നേഹത്തിന്റെയും നാടാണ് കോട്ടയം, ജില്ലയിൽ എല്ലായിടത്തും വോൾ ഓഫ് ലവ് സ്ഥാപിക്കുകയാണ് ലക്ഷ്യം: ജില്ലാ കള


കോട്ടയം:  കോട്ടയം അക്ഷരങ്ങളുടെയും കായലിന്റെയും റബറിന്റെയും ഒപ്പം സ്‌നേഹത്തിന്റെയും നാടാണ്. ജില്ലയിൽ എല്ലായിടത്തും വോൾ ഓഫ് ലവ് സ്ഥാപിക്കുകയാണ് ലക്ഷ്യം. എല്ലാവരും പദ്ധതിയോട് സഹകരിക്കുമെന്നാണ് പ്രതീക്ഷ എന്നും ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി പറഞ്ഞു. ജില്ലാ പഞ്ചായത്തിനു സമീപമുള്ള പ്രവേശനകവാടത്തിനടുത്ത് റോട്ടറി ക്ലബിൻ്റെ സഹായത്തോടെ നടപ്പാക്കിയ പദ്ധതിയുടെ ഉത്‌ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. വോൾ ഓഫ് ലവ് പരസ്പരം അറിയാതെ സാധന-സാമഗ്രികൾ പങ്കുവയ്ക്കാനുള്ള ഒരിടമാണ്. നമ്മൾ ഉപയോഗിക്കാതെ നിരവധി വസ്തുക്കളും സാധനങ്ങളും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരിക്കാം. എന്നാലത് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും. ഇത് കൈമാറാൻ കഴിയുന്ന ഒരിടമാണ് വോൾ ഓഫ് ലവ് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. പുതിയ വസ്ത്രങ്ങളും സാധന-സാമഗ്രികളുമടക്കം എന്തും ഇങ്ങനെ സംഭാവനയായി വോൾ ഓഫ് ലവിൽ വയ്ക്കാം. ആരാണ് സംഭാവനയായി നൽകിയിട്ടുള്ളതെന്നോ ആരാണ് അത് എടുത്ത് ഉപയോഗിക്കുന്നതെന്നോ പരസ്പരം അറിയുന്നില്ല. ആവശ്യക്കാർക്ക് എടുത്ത് ഉപയോഗിക്കാം. അത് ചിലപ്പോൾ കുട്ടികൾ ഉപയോഗിച്ച ചെറിയ സൈക്കിളാകാം. സൈക്കിൾ വാങ്ങാൻ കഴിവില്ലാത്തവരുടെ മക്കൾക്ക് ഉപയോഗയോഗ്യമായ ആ സൈക്കിൾ ഉപകാരപ്പെട്ടേക്കാം. ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവർക്ക് ചിലപ്പോൾ അവശ്യവസ്തുക്കൾ വാങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാകാം. അത് വോൾ ഓഫ് ലവിലൂടെ നമുക്ക് നൽകാനാകും. അവർക്ക് സഹായമേകാനാകും. ആർക്കും എന്തും വോൾ ഓഫ് ലവിൽ സംഭാവനയായി വയ്ക്കാം. ആവശ്യമുള്ള ആർക്കും അത് എടുത്ത് ഉപയോഗിക്കാം. സ്‌നേഹം പങ്കിടുന്നത് ഇങ്ങനെയുമാകാമെന്നാണ് പദ്ധതി ചൂണ്ടിക്കാട്ടുന്നത് എന്നും ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി പറഞ്ഞു.