കോട്ടയം: ബെംഗളൂരുവിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്രീ സ്‌കൂൾ വിദ്യാർത്ഥിനിയായ കോട്ടയം മണിമല സ്വദേശികളായ ദമ്പതികളുടെ മകൾ മരണത്തിനു കീഴടങ്ങി. മണിമല സ്വദേശിയായ പൊന്തൻപുഴ കുറുക്കൻപറമ്പിൽ ജിന്റോ ടോമി ജോസഫിന്റെ മകളും ബെംഗളൂരു ചെല്ലക്കരയിലെ ഡൽഹി പ്രീ സ്‌കൂൾ വിദ്യാർത്ഥിനിയുമായ ജിയന്ന ആൻ ജിന്റോ(4) ആണ് സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കാണ് അപകടം ഉണ്ടായത്. ചെല്ലക്കരയിലെ ഡൽഹി പ്രീ സ്‌കൂളിൽ നേഴ്‌സറി വിദ്യാർത്ഥിനിയായിരുന്നു ജിയന്ന. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സ്‌കൂൾ അധികൃതർ ജിയന്നയെ സ്‌കൂൾ മുറ്റത്ത് വീണ് പരിക്കേറ്റു കിടക്കുന്ന നിലയിൽ കണ്ടത്.അപകടത്തെ സംബന്ധിച്ചുള്ള വ്യക്തമായ വിവരം ഇതുവരെയും സ്‌കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ കുട്ടിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് എന്നാണു പ്രാഥമിക വിവരങ്ങൾ. അതേസമയം സ്‌കൂൾ അധികൃതരുടെ വീഴ്ചയാണ് കുട്ടിക്ക് അപകടം സംഭവിക്കാൻ കാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. കുട്ടിയെ നോക്കാൻ ആയമാരുണ്ടായിട്ടും കുട്ടി എങ്ങനെ സ്‌കൂൾ കെട്ടിടത്തിന്റെ മുകളിൽ എത്തി എന്നാണു മാതാപിതാക്കൾ ഉന്നയിക്കുന്ന ചോദ്യം. അപകടം സംഭവിച്ചിട്ടും തൊട്ടടുത്തുള്ള ക്ലിനിക്കിൽ മാത്രമാണ് എത്തിച്ചതെന്നും മാതാപിതാക്കൾ എത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും സമയം വൈകിയത് ആരോഗ്യനില കൂടുതൽ വഷളാക്കിയതായും മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ചങ്ങനാശ്ശേരി സ്വദേശിയായ തോമസ് ചെറിയാൻ ഒളിവിലാണ്. സംഭവം ഒതുക്കി തീർക്കാനാണ് സ്‌കൂൾ അധികൃതർ ശ്രമിക്കുന്നതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു. സംസ്ക്കാരം പിന്നീട് മണിമല കരിമ്പനക്കുളം തിരുഹൃദയ പള്ളിയിൽ നടക്കും.