മകളുടെ തിരോധാനത്തിൽ സംശയത്തിന്റെ നിഴലിൽ നിർത്തപ്പെട്ട പിതാവ്, സ്വയം നുണ പരിശോധനയ്ക്ക് വിധേയനായി, താനുമായി ബന്ധമുള്ളവരെയെല്ലാം മാനസികമായി ബുദ്ധിമുട്ടിക


എരുമേലി: താനുമായി ബന്ധമുള്ളവരെയെല്ലാം മാനസികമായി ബുദ്ധിമുട്ടിക്കുന്ന സമീപനമാണു പൊലീസ് സ്വീകരിച്ചത് എന്ന് ജെസ്‌ന മരിയ ജയിംസിന്റെ പിതാവ് ജെയിംസ് ജോസഫ്. മകളുടെ തിരോധാനത്തിൽ സംശയത്തിന്റെ നിഴലിൽ നിർത്തപ്പെട്ട പിതാവ് ആണ് താനെന്നും സംശയ നിഴലിൽനിന്നു മോചനം ലഭിക്കാനാണു സ്വയം നുണപരിശോധനയ്ക്കു വിധേയനായത് എന്നും അദ്ദേഹം പറഞ്ഞു. മകൾക്ക് എന്ത് സംഭവിച്ചു എന്ന് അറിയണമെന്നും സി ബി ഐ യിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകളെ കാണാതായതായി പരാതി നൽകിയിട്ടും തുടക്കത്തിൽ പോലീസ് അന്വേഷണം താമസിച്ചതാണ് ഇപ്പോഴും മകൾ കാണാമറയത്ത് തുടരുന്നതിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. ചിലർ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുകയും ഇല്ല്ലാക്കഥകൾ മെനയുകയും തന്നെ സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്തതായി ജെസ്‌നയുടെ പിതാവ് പറഞ്ഞു. മകളെ താൻ കൊലപ്പെടുത്തിയെന്ന പോലും ഒരു ഘട്ടത്തിൽ ചിലർ പ്രചാരണം നടത്തി. മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. ആദ്യം എരുമേലി പോലീസിലും പിന്നീട് വെച്ചൂച്ചിറ പോലീസിലും പരാതി നൽകി. പോലീസ് അന്വേഷണം താമസിച്ചതിൽ അന്ന് എം എൽ എ ആയിരുന്ന രാജു എബ്രഹാം ഇടപെട്ടതിനെ തുടർന്നാണ് പോലീസ് അന്വേഷണം കാര്യക്ഷമമായത്. പോലീസും ക്രൈം ബ്രാഞ്ചും പിന്നീട് സി ബി ഐ യും കേസ് അന്വേഷിച്ചെങ്കിലും ജെസ്‌നയെ കണ്ടെത്താനോ ജെസ്‌നയെപ്പറ്റി വിവരങ്ങൾ ശേഖരിക്കാനോ സാധിച്ചില്ല. ജെസ്‌നയെ കാണാതായതായി പരാതി നൽകി എട്ടാം ദിവസമാണ് പോലീസ് അന്വേഷണത്തിനായി എത്തിയത് എന്നും അദ്ദേഹം പറഞ്ഞു.