എരുമേലി: എരുമേലിക്ക് ഇനി ആഘോഷ ദിനരാത്രങ്ങൾ. ചരിത്ര പ്രസിദ്ധമായ എരുമേലി ചന്ദനക്കുട മഹോത്സവത്തിനും അമ്പലപ്പുഴ-ആലങ്ങാട്ടു സംഘങ്ങളുടെ പേട്ടതുള്ളലിനുമായി മാനവ മത മൈത്രിയുടെ ഈറ്റില്ലമായ എരുമേലി ഒരുങ്ങിക്കഴിഞ്ഞു. എരുമേലിക്കരയുടെ ഉത്‌സവദിനങ്ങളാണ് ഈ രണ്ടു ദിനങ്ങൾ. 11 നാണു ചന്ദനക്കുടം. 12 നു അമ്പലപ്പുഴ-ആലങ്ങാട്ടു സംഘങ്ങളുടെ പേട്ടതുള്ളൽ നടക്കും. 12 നു കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി എരുമേലി മഹല്ല ജമാഅത്തിന്റെ നേതൃത്വത്തില്‍ ചന്ദനക്കുട ഘോഷയാത്ര നടക്കും. ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ വെള്ളിയാഴ്ചയാണ്. ചന്ദനക്കുട ഘോഷയാത്രയ്ക്ക് മുന്‍പായി വൈകിട്ട് 6 ന് നടത്തുന്ന സമ്മേളന ഉദ്ഘാടനവും ഘോഷയാത്രാ ഫ്ളാഓഫും സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ നിര്‍വഹിക്കും. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അധ്യക്ഷത വഹിക്കും. രാത്രി മസ്ജിദ് അങ്കണത്തില്‍ നിന്നും ചന്ദനക്കുടം ഘോഷയാത്ര തുടങ്ങും. ആഘോഷത്തിന് പകിട്ടേകാന്‍ വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും ഉണ്ട്. എരുമേലി പേട്ട ശാസ്താ ക്ഷേത്രത്തിലും ധര്‍മ്മശാസ്താ ക്ഷേത്രത്തിലും ഘോഷയാത്രയെ സ്വീകരിക്കും. വിവിധ കേന്ദ്രങ്ങളില്‍ ഇതര മതസ്ഥരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സ്വീകരണം ഒരുക്കും. ചന്ദനക്കുടം ഘോഷയാത്ര 2 മണിയോടെ പള്ളിയിൽ സമാപിക്കും. വെള്ളിയാഴ്ച യാണ് അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ. രാവിലെ 11 മണിയോടെ മാനത്ത് ശ്രീകൃഷ്ണപരുന്തിനെ കാണുന്നതോടെ അമ്പലപ്പുഴ സംഘം പേട്ട ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും പേട്ടതുള്ളിയിറങ്ങും. സംഘത്തെ നൈനാര്‍ പള്ളിയില്‍ ജമാഅത്ത് പ്രതിനിധികള്‍ സ്വീകരിക്കും. വാവരുടെ പ്രതിനിധി അമ്പലപ്പുഴ സംഘത്തിനൊപ്പം ചേരും. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കും. മാനത്ത് വെള്ളിനക്ഷത്രത്തെ ദര്‍ശിക്കുന്നതോടെയാണ് ആലങ്ങാട്ട് സംഘം പേട്ടതുള്ളിയിറങ്ങുന്നത്. ഇരുസംഘങ്ങളെയും ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ദേവസ്വം പ്രതിനിധികള്‍ സ്വീകരിക്കും. രണ്ടു ദിവസങ്ങളിലും എരുമേലിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചന്ദനക്കുട ആഘോഷങ്ങൾക്കായി നിറച്ചാർത്തുകളിലും ദീപാലങ്കാരങ്ങളാലും സ്വർണ്ണ പ്രഭയിലാണ് എരുമേലി നൈനാർ ജുമാ മസ്ജിദ്.