വിജയപുരം ഗ്രാമപഞ്ചായത്ത് ഇനി ക്യാമറക്കണ്ണിൽ.


കോട്ടയം: വിജയപുരം ഗ്രാമ പഞ്ചായത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ ഇനി മുതൽ പിടിവീഴും. പൊതു സ്ഥലങ്ങളിൽ മാലിന്യം തളളുന്നവരെ കണ്ടെത്താനായി 24 ക്യാമറകളാണ് ഗ്രാമപഞ്ചായത്തിലുടനീളം സ്ഥാപിച്ചിരിക്കുന്നത്. 19 വാർഡുകളിലും വടവാതൂർ, പാലൂർ പടി, മോസ്‌ക്കോ കവല, പാറമ്പുഴ എം.സി.എഫ് പരിസരം, ശവക്കോട്ട റോഡ് എന്നിവിടങ്ങളിലുമാണ് ക്യാമറകൾ സ്ഥാപിച്ചത്. 4.56 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. കഴിഞ്ഞ മാസം പകുതിയോടെയാണ് ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ചത്. ഓരോ വാർഡുകളിലെയും ക്യാമറകൾ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ നിരീക്ഷിക്കും. ഇത് കൂടാതെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ക്യാമറ നിരീക്ഷണത്തിനായി മോണിറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യ നിക്ഷേപം പിടിക്കപ്പെട്ടാൽ പതിനായിരം രൂപ മുതൽ ഇരുപത്തി അയ്യായിരം രൂപ വരെയാണ് ഈടാക്കുക.