അമ്പലപ്പുഴ യോഗം പേട്ട സംഘത്തിന്റെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന രഥ ഘോഷ യാത്രയും ശബരിമല ദർശനവും ആരംഭിച്ചു.


കോട്ടയം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചു നടക്കുന്ന ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിൽ എഴുന്നള്ളിക്കാനുള്ള തങ്കത്തിടമ്പുമായി അയ്യപ്പൻറെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാരുടെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന രഥ ഘോഷ യാത്രയും ശബരിമല ദർശനവും ആരംഭിച്ചു. തങ്കത്തിടമ്പ് അമ്പലപ്പുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിനു കിഴക്കേ നടയിൽ അമ്പലപ്പുഴ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ: കേശവൻ നമ്പൂതിരി പൂജിച്ച് അലങ്കരിച്ച പുഷ്പ രഥത്തിൽ ഏറിയതോടെ അമ്പലപ്പുഴ യോഗം പേട്ട സംഘത്തിന്റെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന രഥ ഘോഷ യാത്രക്കും ശബരിമല ദർശനത്തിനും തുടക്കമായി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കുന്നത്. മാനത്ത് വട്ടമിട്ടു പറക്കുന്ന ശ്രീകൃഷ്ണ പരുന്തിനെ ദർശിക്കുന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കുക. ഞായറാഴ്ച പ്രത്യേക പൂജകളും പ്രാർത്ഥനകളും നടന്നു. പൂജിച്ച തിടമ്പ് സമൂഹപെരിയോൻ എൻ ഗോപാലകൃഷ്‌ണ പിള്ളയ്ക്ക് കൈമാറി. മുൻ സമൂഹപെറിയോണും അമ്പലപ്പുഴ പേട്ട സംഘത്തിന്റെ രക്ഷാധികാരിയുമായ കളത്തിൽ ചന്ദ്രശേഖരൻ നായരാണ് സംഘത്തെ യാത്രയാക്കിയത്. ഒന്നാം ദിവസം തകഴിയിലും രണ്ടാം ദിവസം കവിയൂരിലും മൂന്നാം ദിവസം മണിമലയിലും വിശ്രമിക്കും. ബുധനാഴ്ചയാണ് മണിമലക്കാവ് ക്ഷേത്രത്തിലെ ആഴിപൂജ. തുടർന്ന് 11 നു സംഘം എരുമേലിയിലേക്ക് തിരിക്കും. ഉച്ചയോടെ എരുമേലിയിൽ എത്തുന്ന സംഘത്തെ ക്ഷേത്ര ഭാരവാഹികളും വാവർ പള്ളി ഭാരവാഹികളും ചേർന്ന് സ്വീകരിക്കും. വെള്ളിയാഴ്ചയാണ് ചരിത്ര പ്രസിദ്ധമായ പേട്ട തുള്ളൽ.