സപ്ലൈകോയുടെ ക്രിസ്തുമസ്-ന്യൂ ഇയർ ഫെയർ ഇന്ന് മുതൽ, കോട്ടയത്ത് ഫെയർ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന്റെ പാർക്കിങ് ഗ്രൗണ്ടിൽ.


കോട്ടയം: സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ക്രിസ്തുമസ് - ന്യൂ ഇയർ ഫെയറുകൾ ഡിസംബർ 21 മുതൽ 30 വരെ നടത്തും. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 21ന് രാവിലെ 11.30 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. 

 

 ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിക്കും, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആദ്യ വിൽപന നിർവഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് സ്‌പെഷ്യൽ ക്രിസ്തുമസ് - ന്യൂ ഇയർ ഫെയറുകൾ സംഘടിപ്പിക്കുന്നത്. ഉത്സവകാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനാണ് ഇത്തരം ഫെയറുകൾ സംഘടിപ്പിക്കുന്നത്. സപ്ലൈകോയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിമൂലം മൊത്ത വിതരണക്കാർക്ക് നൽകേണ്ട കുടിശിക നൽകാനായിട്ടില്ല. ക്രിസ്തുമസ് ഫെയറുകളിലേക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നതിന് വ്യാപാരികളുമായി ചർച്ച നടത്തി ധാരണയിൽ എത്തിച്ചേർന്നിട്ടുണ്ട്. സബ്സിഡി സാധനങ്ങൾക്ക് പുറമെ നോൺ സബ്സിഡി സാധനങ്ങളും 5 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും. കൂടാതെ, ബ്രാന്റഡ് ഉത്പന്നങ്ങൾ 10 മുതൽ 30 ശതമാനം വിലക്കുറവിൽ ഫെയറുകളിൽ വിൽപ്പന നടത്തും. കൊല്ലം സപ്ലൈകോ ഡിപ്പോ പരിസരത്തും, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തിലും, കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലും, എറണാകുളം ശിവക്ഷേത്രം മൈതാനത്തും, തൃശ്ശൂർ കൊച്ചിൻ ദേവസ്വം പള്ളിത്താമം മൈതാനത്തുമാണ് മറ്റ് സപ്ലൈകോ ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. രാവിലെ 10 മുതൽ വൈകിട്ട് എട്ടുവരെ ഫെയറുകൾ പ്രവർത്തിക്കും. ഡിസംബർ 25ന് ഫെയർ അവധിയായിരിക്കും.