കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രചരണാർത്ഥം കോട്ടയം നിയോജകമണ്ഡലത്തിൽ സായാഹ്നനടത്തം സംഘടിപ്പിച്ചു. മാമൻ മാപ്പിള ഹാൾ പരിസരത്തുനിന്നാരംഭിച്ച നടത്തം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഫ്ളാഗ് ഓഫ് ചെയ്തു. നവകേരള സദസിന്റെ വിജയത്തിനായി ഈ നാട്ടിലെ മുഴുവൻ ജനങ്ങളും ഭാഗമായി കഴിഞ്ഞുവെന്ന് നവകേരള സദസ് കോട്ടയം നിയോജക മണ്ഡലതല അധ്യക്ഷയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.വി. ബിന്ദു പറഞ്ഞു. നവകേരള സദസ് ജനറൽ കൺവീനർ ആർ.ഡി.ഒ. വിനോദ് രാജ്, സംഘാടകസമിതി അംഗങ്ങളായ എ.വി. റസൽ, ബി.ശശികുമാർ, എം. കെ. പ്രഭാകരൻ, പോൾസൺ പീറ്റർ, അഡ്വ. കെ. അനിൽകുമാർ, അഡ്വ. ഷീജ അനിൽ, അഡ്വ. ഫ്രാൻസിസ് തോമസ്, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. നടത്തം തിരുനക്കര ഗാന്ധി സ്‌ക്വയറിൽ അവസാനിച്ചു.