മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, വാഹന നിയന്ത്രണങ്ങളും പ്രതിഷേധങ്ങളും റോഡ് ഉപരോധവും, നാടിനെ നടുക്കിയ അപകടങ്ങളും, അവസാനിക്കുന്നത് സംഭവബഹുലമായ മണ്ഡലകാല


എരുമേലി: നാല്പത്തിയൊന്നു ദിവസത്തെ വ്രത ശുദ്ധിയുടെ നാളുകൾക്ക് പരിസ്മാപ്തി കുറിച്ച് ശബരിമല നടയടച്ചു. കാടും മേടും പമ്പാ തീർത്ഥവും താണ്ടി എത്തിയ ഭക്ത ലക്ഷങ്ങൾക്ക് ദർശന പുണ്യം ചൊരിഞ്ഞ്  കലിയുഗവരദൻ യോഗ നിദ്രയിലാണ്ടു. സംഭവബഹുലമായ ഒരു മണ്ഡലകാലമാണ് ഇന്ന് അവസാനിക്കുന്നത്. മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം ആരംഭിച്ചപ്പോൾ ആദ്യ ദിനങ്ങളിൽ ഭക്തരുടെ തിരക്ക് വളരെ കുറവായിരുന്നു. എന്നാൽ മണ്ഡലകാലം ആരംഭിച്ചു ഒരാഴ്ച പിന്നിട്ടതോടെ തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കവും മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ കൂടുതലായി തീർത്ഥാടകർ എരുമേലിയിലേക്കും ശബരിമലയിലേക്കും ഒഴുകിയെത്തി. തീർത്ഥാടകർ കൂടുതലായി എത്തിയതോടെ വിവിധ വകുപ്പുകളുടെ പ്ലാനിങ് മുഴുവൻ തെറ്റി. കൂടുതലായി തീർത്ഥാടകർ എത്തിയതോടെ നിലയ്ക്കലിൽ പാർക്കിങ് മൈതാനം നിറയുകയും തീർത്ഥാടകരെ എരുമേലിയിലെ ഇടത്താവളങ്ങളിലും പോലീസ് തടയുകയും ചെയ്തു. എരുമേലിയിൽ പാർക്കിങ് മൈതാനങ്ങളിൽ നിന്നും വാഹനം പുറത്തേക്ക് പോകാതിരിക്കാനായി വടം കെട്ടി ബ്ലോക്ക് ചെയ്തു. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ എരുമേലി, എംഇഎസ് കോളേജ് ജംക്ഷൻ, കണമല,പ്ലാപ്പള്ളി എന്നിവിടങ്ങളിലും ഇളങ്ങുളം അമ്പലം ഭാഗത്തും പാലായിലും ഏറ്റുമാനൂരിലും ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ മണിക്കൂറുകളോളം തടഞ്ഞിട്ടു. 



എരുമേലിയിൽ വാഹനങ്ങൾ തടഞ്ഞിട്ടതോടെ തീർത്ഥാടകരും പോലീസും തമ്മിൽ വാക്കുതർക്കവും തീർത്ഥാടകർ റോഡ് ഉപരോധിക്കുന്നതും പതിവായി മാറിയിരുന്നു. ഒരു ദിവസം തന്നെ പലതവണ പോലീസ് തീർത്ഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എരുമേലിയുടെ പ്രധാന പാതകളായ കാഞ്ഞിരപ്പള്ളി-എരുമേലി റോഡ്, മുണ്ടക്കയം-എരുമേലി റോഡ്,റാന്നി-എരുമേലി റോഡ് എന്നീ റോഡുകളിൽ മിക്ക ദിവസങ്ങളിലും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാന് അനുഭവപ്പെട്ടത്. എരുമേലി സമാന്തര പാതയായ കുറുവാമൂഴി-ഓരുങ്കൽ കടവ്-എരുമേലി റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ മറിഞ്ഞുണ്ടായ അപകടം നാടിനെ ഞെട്ടലിലാഴ്ത്തിയിരുന്നു. കണമലയിൽ കെ എസ് ആർ ടി സി ബസ്സും തീർത്ഥാടക ബസ്സും ലോറിയുമായി കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. കണമല ഇറക്കത്തിൽ തീർത്ഥാടകരുടെ വാഹനങ്ങൾ മറിഞ്ഞുണ്ടായ അപകടത്തിലും നിരവധിപ്പേർക്ക് പരിക്കേറ്റു. എരുമേലിയിൽ പാർക്കിങ് മൈതാനത്തു നിന്നും നിയന്ത്രണംവിട്ട ബസ്സ് തോട്ടിൽ പതിച്ചും അപകടം ഉണ്ടായിരുന്നു. ശബരിമല തീർത്ഥാടകരുടെ വാഹനമിടിച്ച് കൊരട്ടിയിൽ ഒരാളും കന്നിമലയിൽ രണ്ടു വിദ്യാർത്ഥികളും മരിച്ചു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് മണ്ഡലകാലത്ത് ഉണ്ടായിട്ടുള്ളത്. 



മുൻവർഷങ്ങളിൽ കൂടുതൽ തീർത്ഥാടകർ എത്തിയിരുന്നെങ്കിലും ഇത്തരമൊരു പ്രതിസന്ധിയുണ്ടാകുന്നത് ആദ്യമായാണെന്നു നാട്ടുകാർ പറയുന്നു. മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതോടെ തിരക്ക് വീണ്ടും വർധിക്കാനാണ് സാധ്യത.