പമ്പയിലേക്ക് വാഹനങ്ങൾ കടത്തി വിടാത്തതിൽ പ്രതിഷേധിച്ച് തീർത്ഥാടകർ എരുമേലിയിൽ റോഡ് ഉപരോധിച്ചു, പോലീസുമായി വാക്കേറ്റം, ദർശനം നടത്താൻ മണിക്കൂറുകൾ കാത്ത് ന


ശബരിമല: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെ ദർശനം നടത്താൻ മണിക്കൂറുകൾ കാത്തു നിന്ന് വലയുകയാണ് ഭക്തർ. നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും തിരക്ക് വർധിച്ചതോടെ എരുമേലിയിലും ഇടത്താവളങ്ങളിലും തീർത്ഥാടകരുടെ വാഹനങ്ങൾ മണിക്കൂറുകളോളം പിടിച്ചിട്ട ശേഷമാണ് കടത്തി വിടുന്നത്. ഇന്നലെ മുതൽ കൂടുതൽ മണിക്കൂറുകൾ വാഹനങ്ങൾ പിടിച്ചിട്ടത് ഭക്തരും പോലീസും തമ്മിൽ വാക്കേറ്റത്തിനും തർക്കത്തിനും കാരണമായി. ഇന്ന് വൈകിട്ട് എരുമേലി പോലീസ് സ്റ്റേഷൻ ജംക്ഷനിൽ റോഡിനു കുറുകെ പോലീസ് വാഹനം നിർത്തിയിട്ട വാഹനങ്ങൾ തടയുകയായിരുന്നു. പമ്പയിലേക്ക് വാഹനങ്ങൾ കടത്തി വിടാത്തതിൽ പ്രതിഷേധിച്ച് ഭക്തർ ശരണം വിളികളുമായി എരുമേലിയിൽ റോഡ് ഉപരോധിച്ചു. തിരക്ക് വർധിച്ചതോടെ പോലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കെ എസ് ആർ ടി സി പമ്പ സർവ്വീസും പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് കൂടുതൽ തീർത്ഥാടകർ എത്തിത്തുടങ്ങിയത്. എരുമേലിയിലും കണമലയിലും പ്ലാപ്പള്ളിയിലും വാഹനങ്ങൾ തടഞ്ഞിടുന്നുണ്ട്. ഏറ്റുമാനൂരിലും പാലായിലും ഉൾപ്പടെ വാഹനങ്ങൾ തടഞ്ഞിടുന്നുണ്ട്. തുടർച്ചയായ അഞ്ചാം ദിവസമാണ് തീർത്ഥാടകരുടെ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത്. എരുമേലിയിൽ നിന്ന് പമ്പയിലേക്ക് എത്താനും തിരികെ വരാനും ഇപ്പോൾ മണിക്കൂറുകളാണ് വേണ്ടി വരുന്നത്. ഏകോപനങ്ങളിലെ പാളിച്ചകളാണ് ഇപ്പോൾ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ആരോപിച്ചു പ്രതിപക്ഷവും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. തിരക്ക് വർധിക്കുകയും ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം കുടുങ്ങുകയും ചെയ്തവരിൽ പലരും ദർശനം നടത്താതെ മടങ്ങിയതായും വിവരമുണ്ട്.