കാനം രാജേന്ദ്രന്റെ സംസ്കാരം ഞായറാഴ്ച, ശനിയാഴ്ച ഉച്ചകഴിഞ്ഞു തിരുവനന്തപുരത്തു നിന്നും ജന്മനാടായ കോട്ടയത്തേക്ക് വിലാപയാത്ര.


കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ സംസ്കാരം ഞായറാഴ്ച നടക്കും. മൃതദേഹം ശനിയാഴ്ച രാവിലെ വ്യോമമാര്‍ഗം തിരുവനന്തപുരത്ത് എത്തിക്കും. പാർട്ടി ആസ്ഥാനത്തും ജഗതിയിലെ വസതിയിലും പൊതുദർശനത്തിനു ശേഷം ശനിയാഴ്ച ഉച്ചകഴിഞ്ഞു ജന്മനാടായ കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ട് പോകും. സി.പി.ഐ ജില്ലാ കൗണ്‍സില്‍ ഓഫിസിലെ പൊതുദര്‍ശനത്തിന് ശേഷം കോട്ടയം വാഴൂരിലെ വീട്ടിലെത്തിക്കും. പ്രമേഹ രോഗത്തിന് ചികിത്സയിൽ കഴിയവെ ഹ‍ൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു. 1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ വി.കെ.പരമേശ്വരൻ നായരുടേയും ടി.കെ. ചെല്ലമ്മയുടേയും മകനായാണ് ജനനം. കിടങ്ങൂർ സ്വദേശിയായ പി.കെ.വാസുദേവൻ നായർക്കു ശേഷം സിപിഐയുടെ തലപ്പത്തേക്ക് എത്തിയ കോട്ടയംകാരൻ കൂടിയാണു കാനം. എഐവൈഎഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. നിലവിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി ദേശീയ ഉപാധ്യക്ഷനുമാണ്. ഞായറാഴ്ച രാവിലെ 10നാണ് സംസ്കാരം. ഭാര്യ: വനജ. മക്കൾ: സ്‌മിത, സന്ദീപ്.