കോട്ടയം: ക്രിസ്മസ് രാവിനായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. തിരുപ്പിറവിയുടെ ആഘോഷങ്ങൾക്ക് ഇനി മണിക്കൂറുകൾ മാത്രം. ജില്ലയിൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ക്രിസ്മസ് ആഘോഷ തിമിർപ്പിലാണ്. വ്യാപാര സ്ഥാപനങ്ങളിലും നക്ഷത്രങ്ങൾ പ്രകാശ പ്രഭ ചൊരിഞ്ഞു നിൽക്കുന്നത് ആകർഷണീയമായ കാഴ്ചകളാണ്.
വീടുകളിൽ ക്രിസ്മസ് ട്രീയും പുൽക്കൂടും നക്ഷത്രങ്ങളുമെല്ലാം ഒരുക്കി തിരുപ്പിറവിയുടെ സന്തോഷ വാർത്തയറിയിക്കുന്ന തിരക്കിലാണ് കുട്ടികൾ. രാത്രി പ്രാർത്ഥനയ്ക്കായി ജില്ലയിലെ ദേവാലയങ്ങൾ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. കേക്ക് മേളകളും പടക്ക മേളകളും ജില്ലയിൽ സജീവമായിക്കഴിഞ്ഞു. ബേക്കറികളിലും സൂപ്പർ മാർക്കറ്റുകളിലും വിവിധ തരം കേക്കുകളുടെ വൈവിധ്യങ്ങളായ ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്. മത്സ്യ-മാംസ വിൽപ്പന കേന്ദ്രങ്ങളിൽ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.