ബോൺ നത്താലെ! മൂവായിരത്തോളം ക്രിസ്മസ് പാപ്പാമാർ ഒന്നിച്ചെത്തി കോട്ടയത്ത്, കോട്ടയത്തിന്റെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തിരുപ്പിറവിയുടെ സന്ദേശ


കോട്ടയം: അക്ഷര നഗരിയുടെ ചരിത്രത്തിൽ ഇടം നേടി തിരുപ്പിറവിയുടെ സന്ദേശവുമായി സാന്റാക്കൂട്ടമെത്തി. മൂവായിരത്തോളം സാന്റാമാർ അണിനിരന്ന ബോൺ നത്താലെ സാന്റാ റാലി വൈകിട്ട് കോട്ടയം പോലീസ് പരേഡ് മൈതാനത്തു നിന്നും ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഫ്ലാഗ് ഓഫ് ചെയ്തു. സാന്റാ റാലി നഗരം ചുറ്റി തിരുനക്കര മൈതാനത്ത് സമാപിച്ചു. കഴിഞ്ഞ വർഷവും സാന്റാ റാലി സംഘടിപ്പിച്ചിരുന്നു. ഇത് മൂന്നാം വർഷമാണ് കോട്ടയത്ത് ബോൺ നത്താലെ സംഘടിപ്പിക്കുന്നത്. ആദ്യ വർഷം റാലിയിൽ 200 പേരും കഴിഞ്ഞ തവണ 2000 പേരുമാണ് പങ്കെടുത്തതെങ്കിൽ ഇത്തവണ ക്രിസ്‍മസ് ആഘോഷങ്ങൾക്ക് ആവേശം പകർന്നു മൂവായിരത്തിലധികം പേരാണ് പങ്കെടുത്തത്. വിവിധ സ്കൂൾ, കോളേജ്, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുടെ സംയുക്ത പങ്കാളിത്തത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്രിസ്മസ് കാഴ്ചകളുടെ നവ്യാനുഭവം പകർന്നു പൂര നഗരിക്ക് വിസ്മയമായ ബോൺ നത്താലെ ഇപ്പോൾ അക്ഷര നഗരിക്കും വിസ്മയം സമ്മാനിച്ചിരിക്കുകയാണ്. അക്ഷര നഗരിയുടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബോൺ നത്താലെയിലൂടെ. ക്രിസ്മസ് കരോൾ ഗാനങ്ങളും ഡാൻസുകളുമായി സാന്റാമാർ അക്ഷര നഗരിയെ ആനന്ദ വിസ്മയത്തിലാക്കി. വിവിധ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രതിനിധികൾ റാലിയിൽ പങ്കെടുത്തു.