എരുമേലിക്ക് ഇനി ശരണമന്ത്ര നാളുകൾ! രണ്ടു മാസക്കാലം നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം, ശബരിമല നട ഇന്ന് തുറക്കും.


എരുമേലി: എരുമേലിക്ക് ഇനി ശരണമന്ത്ര നാളുകൾ ആരംഭിക്കുകയായി. രണ്ടു മാസക്കാലം നീണ്ടുനിൽക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. അയ്യപ്പ ദർശനത്തിനായി ഭക്തർ ഇന്നലെ മുതൽ എരുമേലിയിൽ എത്തിത്തുടങ്ങി. ഇന്നലെ പകൽ എരുമേലിയിൽ എത്തിയ ഭക്തജനങ്ങൾ പേട്ടതുള്ളി എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. ചില സംഘങ്ങൾ ഇന്നലെയും മറ്റു ചിലർ ഇന്നുമായി ശബരിമലയിലേക്ക് യാത്ര തിരിക്കും. മണ്ഡല-മകരവിളക്ക് താർത്ഥാടനവുമായി ബന്ധപ്പെട്ടു എരുമേലിയിലും ശബരിമലയിലും ഇടത്താവളങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇത്തവണ കൂടുതൽ ഭക്തർ ദർശനത്തിനായി എത്തുമെന്ന നിഗമനത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നട തുറക്കും. ഡിസംബർ 27നാണ് മണ്ഡല പൂജ. മകരവിളക്ക് തീർഥാടനത്തിനായി ഡിസംബർ 30ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.