ഇരുട്ടിന്റെ മറവിൽ വീണ്ടും റോബിൻ ബസ്സിന്‌ മോട്ടോർ വാഹന വകുപ്പിന്റെ പിഴ! 7500 രൂപ പിഴയിട്ടത് ഇന്ന് പുലർച്ചെ ഒരു മണിക്ക്.


പത്തനംതിട്ട: പത്തനംതിട്ട-കോയമ്പത്തൂർ സർവ്വീസ് നടത്തുന്ന റോബിൻ ബസ്സിന്‌ ഇരുട്ടിന്റെ മറവിൽ വീണ്ടും പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഇന്നലെ പത്തനംതിട്ട-കോയമ്പത്തൂർ സർവ്വീസ് കഴിഞ്ഞു മടങ്ങിയെത്തിയ ബസ്സിന്‌ ഇന്ന് പുലർച്ചെ ഒരു മണിക്കാണ് മോട്ടോർ വാഹന വകുപ്പ് എത്തി 7500 രൂപ പിഴയീടാക്കിയത്. കോടതി വിധിയുള്ളതിനാൽ ഇന്നലെ പകൽ ബസ്സ് സർവ്വീസ് നടത്തിയപ്പോൾ പിഴയീടാക്കുന്നതിനോ പരിശോധനയ്‌ക്കോ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിരത്തിലുണ്ടായിരുന്നില്ല. പെർമിറ്റ് ലംഘനം എന്ന പേരിലാണു വീണ്ടും ഇന്ന് പിഴയീടാക്കിയതെന്നു ബേബി ഗിരീഷ് പറഞ്ഞു. ഒരു ബെറ്റാലിയൻ വണ്ടികളും അതിനടുത്ത് എം വി ഡി ഉദ്യോഗസ്ഥരും കോടതി വിധികൾ മറികടന്ന് അർദ്ധരാത്രി പത്തനംതിട്ടയിൽ വെച്ച് വണ്ടി ചെക്ക് ചെയ്ത് പിഴ ഈടാക്കിയതെന്നു ഗിരീഷ് പറഞ്ഞു. ഈ സമയം ഗിരീഷ് വാഹനത്തിലുണ്ടായിരുന്നില്ല. ബസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഫെയ്സ്ബുക് പോസ്റ്റിട്ട മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. താൻ പ്രഖ്യാപിച്ച ചെങ്ങന്നൂർ–പമ്പ സർവീസ് തടയാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ഗിരീഷ് ആരോപിച്ചു. ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ഗിരീഷ് പറഞ്ഞു.