നവകേരള സദസ്: ഒരുക്കം വിലയിരുത്താൻ നിയമസഭ മണ്ഡലങ്ങളിൽ അവലോകനയോഗം.


കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഒരുക്കം വിലയിരുത്താൻ നിയമസഭാ മണ്ഡലങ്ങളിൽ മന്ത്രിയും ജില്ലാ കളക്ടറും പങ്കെടുത്ത് അവലോകനയോഗങ്ങൾ നടത്തുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി കളക്‌ട്രേറ്റിൽ നടന്ന ജില്ലാതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. നിയമസഭ മണ്ഡലംതല സംഘാടകസമിതി മുതൽ പഞ്ചായത്ത്, ബൂത്തുതല സംഘാടകസമിതി വരെയുള്ളവയുടെ പ്രവർത്തനപുരോഗതിയും ഒരുക്കവും യോഗങ്ങളിൽ വിലയിരുത്തും. ബൂത്തുതല സംഘാടകസമിതിയോഗങ്ങളും വീട്ടുമുറ്റസദസുകളും അടിയന്തരമായി പൂർത്തീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു. ബൂത്തുതല സംഘാടകസമിതിയുടെ പ്രവർത്തനത്തിന് ഉദ്യോഗസ്ഥർക്ക് ചുമതല നൽകും. എല്ലാ വകുപ്പുകളുടെയും സർവീസ് സംഘടനകളുടെയും യോഗം ചേരും. ഡിസംബർ അഞ്ചുമുതൽ പ്രചാരണത്തിന്റെ ഭാഗമായി കലാപരിപാടികൾ, ഫ്‌ളാഷ് മോബുകൾ, വിളംബര ജാഥകൾ എന്നിവ സംഘടിപ്പിക്കും. വിവിധ മണ്ഡലങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. യോഗത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എ.മാരായ സി.കെ. ആശ, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, നിയമസഭമണ്ഡലം സംഘാടകസമിതി ചെയർമാൻമാർ, കൺവീനർമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഡിസംബർ 12,13,14 തീയതികളിലാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കുക. ഡിസംബർ 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൂഞ്ഞാർ, 4.30ന് കാഞ്ഞിരപ്പള്ളി, വൈകിട്ട് ആറിന് പാലാ മണ്ഡലങ്ങളിലും ഡിസംബർ 13ന് രാവിലെ 11ന് ഏറ്റുമാനൂർ, ഉച്ചകഴിഞ്ഞ് മൂന്നിന് പുതുപ്പള്ളി, 4.30ന് ചങ്ങനാശേരി, ആറിന് കോട്ടയം മണ്ഡലങ്ങളിലും നവകേരള സദസ് നടക്കും. ഡിസംബർ 14ന് രാവിലെ 11ന് കടുത്തുരുത്തി, ഉച്ചകഴിഞ്ഞ് മൂന്നിന് വൈക്കം മണ്ഡലങ്ങളിലും നടക്കും. ഡിസംബർ 13ന് രാവിലെ ഒമ്പതിന് കോട്ടയത്തും 14ന് രാവിലെ ഒമ്പതിന് കടുത്തുരുത്തിയിലും വിശിഷ്ടവ്യക്തികൾ പങ്കെടുക്കുന്ന പ്രഭാതയോഗങ്ങളും നടക്കും.