മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം ആരംഭിക്കാൻ ഇനി 15 നാൾ, എരുമേലിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്.


എരുമേലി: ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം ആരംഭിക്കാൻ ഇനി 15 നാൾ കൂടി മാത്രം. എരുമേലിയിൽ തീർത്ഥാടകരെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ഇന്നലെയും ദിവസങ്ങൾക്ക് മുൻപുമായി രണ്ടു തവണ അവലോകന യോഗങ്ങൾ നടന്നിരുന്നു. തീർത്ഥാടകർ കുളിക്കുന്ന തോട് ശുചിയാക്കാൻ നടപടികൾ ആരംഭിച്ചിട്ടില്ല. അതോടൊപ്പം മുൻ വർഷങ്ങളിൽ അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ കൂട്ടിയിട്ട മണ്ണ് ഇതുവരെയും നീക്കം ചെയ്തിട്ടില്ല. ഈ ഭാഗത്താണ് തീർത്ഥാടനകാലത്ത് താത്ക്കാലിക ആശുപത്രിയും പ്രവർത്തിക്കുന്നത്. മണ്ഡല-മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ടു നടന്ന അവലോകന യോഗങ്ങളിൽ ഒരുക്കങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴും ഇവയെല്ലാം പാതി വഴിയിലാണ്. അപകട രഹിത ഗതാഗതത്തിനു ആവശ്യമായ റോഡ് സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും മറ്റു സുരക്ഷാ മാർഗ്ഗങ്ങളും സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായിട്ടില്ല. പ്ലാച്ചേരി മുതൽ എരുമേലി വരെയുള്ള പാതയിൽ രൂപപ്പെട്ട കുഴികളടയ്ക്കാനും എരുമേലി രാജാപ്പടി മുതൽ റോഡ് തകർന്നു കിടക്കുന്നതും കുഴിയടയ്ക്കൽ നടത്തേണ്ടതുണ്ട്. ഓരുങ്കൽക്കടവിൽ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. എരുമേലിയിൽ 24 മണിക്കൂറും ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും വൈദ്യുതി തടസ്സ രഹിതമാക്കുമെന്നും തീർത്ഥാടനകാലം അവസാനം വരെ പരിശോധനകൾ ഉണ്ടാകുമെന്നും വിവിധ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ക്ഷേത്രത്തിനോട് ചേർന്നുള്ള വിശ്രമ സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. നിർമ്മാണ സാമഗ്രികൾ മുഴുവനും പാർക്കിങ് മൈതാനത്താണ് ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ ഈ പാർക്കിങ് മൈതാനത്ത് തീർത്ഥാടനകാലത്ത് അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കില്ല. ശുചീകരണ പ്രവർത്തനങ്ങൾക്കായി ഇത്തവണയും മധുരയിൽ നിന്നും വിശുദ്ധി സേനയെത്തും. 24 മണിക്കൂറും ശുദ്ധജല വിതരണം ഉണ്ടാകുമെന്നു ജലവിഭവ വകുപ്പ് അറിയിച്ചു. ക്ഷേത്രത്തിലെ പെയിന്റിങ് ജോലികളും അവസാന ഘട്ടത്തിലാണ്.