റോബിന്‍ മാതൃകയില്‍ ശബരിമല യാത്രയ്ക്ക് തയ്യാറെടുത്ത് സ്വകാര്യ ബസുകള്‍, വീണ്ടും പരിശോധന കടുപ്പിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്.


എരുമേലി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നിയമത്തിന്റെ പിൻബലത്തിൽ പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവീസ് ആരംഭിച്ച റോബിന്‍ ബസ്സിന്റെ മാതൃകയില്‍ ശബരിമല യാത്രയ്ക്ക് തയ്യാറെടുത്ത് സ്വകാര്യ ബസുകള്‍. സംഭവത്തിൽ വീണ്ടും പരിശോധന കടുപ്പിക്കാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. ശബരിമല സീസൺ ആരംഭിക്കുന്നതിനു മുൻപ് തന്നെ സ്വകാര്യ ബസ്സ് ഉടമകൾ ഇക്കാര്യം വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു. നിലവിൽ കെ എസ് ആർ ടി സി മാത്രമാണ് ശബരിമല സർവീസ് നടത്തുന്നത്. എന്നാൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നിയമത്തിന്റെ പിൻബലത്തിൽ റൂട്ട് ബസ്സുകൾ സർവീസ് നടത്തുന്നത് പോലെ ടൂറിസ്റ്റ് ബസ്സുകൾ സർവീസ് നടത്തുന്നത് അനുവദിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. ഓള്‍ ഇന്ത്യ പെര്‍മിറ്റ് വ്യവസ്ഥയെ ദുര്‍വ്യാഖ്യാനം ചെയ്താണ് റോബിന്‍ ബസ് ഓടിക്കാന്‍ ശ്രമിച്ചതെന്നു കെ.എസ്.ആര്‍.ടി.സി കോടതിയെ അറിയിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ബസ്സുകൾ കോൺട്രാക്ട് കാര്യേജ് വാഹനമാണെന്നും അത് സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാൻ പാടുള്ളതല്ല എന്നും ഓൾ ഇന്ത്യ പെർമിറ്റ് വിനോദ സഞ്ചാരികൾക്ക് മാത്രമായുള്ളതാണെന്നും കെ എസ് ആർ ടി സി സമർത്ഥിക്കുന്നു.