വൈക്കം: നിർമാണം പുരോഗമിക്കുന്ന വൈക്കം താലൂക്ക് ആശുപത്രി നാലുനില കെട്ടിടത്തിന്റെ നിർമാണ പുരോഗതി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നേരിട്ടെത്തി വിലയിരുത്തി. സി. കെ. ആശ എം.എൽ.എ.യോടൊപ്പമായിരുന്നു സന്ദർശനം. സംസ്ഥാന സർക്കാർ 56 കോടി രൂപ ചെലവിൽ കിഫ്‌ബി പദ്ധതിയിലുൾപ്പെടുത്തി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ 40 ശതമാനം നിർമ്മാണം പൂർത്തിയായി. സംസ്ഥാന ഹൗസിങ് ബോർഡ് നിർമ്മിക്കുന്ന കെട്ടിടത്തിൽ അത്യാഹിത വിഭാഗം, ജനറൽ ഒ.പി ,സ്പെഷലിസ്റ്റ് ഒ.പി , മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, മൈനർ ഓപ്പറേഷൻ തിയേറ്റർ, മെഡിക്കൽ ലൈബ്രറി, സി.ടി സ്കാൻ, എക്സ് റേ, ഇൻഷുറൻസ് കൗണ്ടറുകൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ടാകും. ഹൗസിങ് ബോർഡ് ചീഫ് എൻജിനീയർ ബി. ഹരി ശങ്കർ നിർമാണ പുരോഗതി വിശദീകരിച്ചു. വൈക്കം നഗരസഭാധ്യക്ഷ രാധികാ ശ്യാം, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു ഷാജി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, അസിസ്റ്റന്റ് ഡയറക്ടർ ഡോ. വീണാ സരോജി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ്‌മോഹൻ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.