ഷവർമ കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടി, തൃക്കാക്കര നഗരസഭ ആരോഗ്യ വി


കോട്ടയം: ഷവർമ കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ആരോഗ്യ മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. ഷവർമ്മ കഴിച്ചതിനു പിന്നാലെ ആരോഗ്യ പ്രശനങ്ങളുണ്ടാകുകയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം ചിറക്കാട്ടുകുഴിയിൽ വീട്ടിൽ രാഹുൽ ഡി നായരാണ്(24) കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെ മരിച്ചത്. കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു രാഹുല്‍. സംഭവത്തിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാതിയിൽ തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലിൽ പരിശോധന നടത്തുകയും പ്രവർത്തനം നിർത്തി വെയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയുമായിരുന്നു. സംഭവത്തിൽ ഹോട്ടൽ ഉടമയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസിന്റെ ഫൊറൻസിക് വിഭാഗവും ഹോട്ടലിൽ പരിശോധന നടത്തി. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് രാഹുലിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രാഹുലിന്റെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രക്ത പരിശോധനാ ഫലവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കൂടി ലഭിച്ചാൽ മാത്രമേ മരണ കാരണം ഭക്ഷ്യവിഷബാധയാണോ എന്ന് ഉറപ്പിക്കാനാകൂ എന്ന് അധികൃതർ പറഞ്ഞു. യുവാവിന്റെ കിഡ്‌നികളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തിയിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കെഎസ്ഇബി റിട്ട. ഓവർസിയറും കെടിയുസി (എം) പാലാ ടൗൺ മണ്ഡലം സെക്രട്ടറിയുമായ ചെമ്പിളാവ് ചിറക്കരക്കുഴിയിൽ കെ.കെ.ദിവാകരൻ നായരുടെയും എം.പി.സിൽവിയുടെയും മകനാണ് രാഹുൽ. കാക്കനാട് ചിറ്റേത്തുകരയിൽ സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു രാഹുൽ. കഴിഞ്ഞ ദിവസം ഓണലൈനായാണ് ഷവർമ്മ രാഹുൽ പാർസൽ വാങ്ങി കഴിച്ചത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ അസ്വസ്ഥതകൾ ഉണ്ടാകുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്ത രാഹുൽ താമസ സ്ഥലത്ത് മടങ്ങി എത്തുകയും തുടർന്ന് ഞായറാഴ്ച വീണ്ടും അസ്വസ്ഥതകളുണ്ടാകുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് സുഹൃത്തുക്കളാണ് രാഹുലിനെ വീണ്ടും കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം തകരാറിലാകുകയും ഹൃദയാഘാതമുണ്ടായതായും ഡോക്ടർമാർ പറഞ്ഞു.