സുപ്രീം കോടതി ഉത്തരവിന് പുല്ലു വില, റോബിൻ മോട്ടോഴ്സിന്റെ ബസ്സ് വീണ്ടും മോട്ടോർ വാഹന വകുപ്പ് തടഞ്ഞു, സർവീസ് നിർത്തി വെയ്ക്കാൻ ഉത്തരവ്.


റാന്നി: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ആദ്യത്തെ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്വന്തമാക്കിയ റോബിൻ മോട്ടോഴ്‌സിന്റെ പത്തനംതിട്ട കോയമ്പത്തൂർ സർവ്വീസ് രണ്ടാമതും മോട്ടോർ വാഹന വകുപ്പ് തടഞ്ഞു. ഇന്ന് രാവിലെ അഞ്ചരയോടെയാണ് റാന്നിയിൽ ഒരു സംഘം വരുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ്സ് തടഞ്ഞത്. സുപ്രീം കോടതി ഉത്തരവുകളും മറ്റു രേഖകളും ഉടമ ഗിരീഷ് ഹാജരാക്കിയെങ്കിലും ബസ്സ് സർവ്വീസ് നടത്താനാകില്ലെന്നും സർവ്വീസ് നിർത്തി വെക്കണമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. ബസ്സ് പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിച്ചിരുന്നു. ശബരിമല ഉൾപ്പെടെ സർവീസ് നടത്തുന്നതിനായി സ്വകാര്യ ബസ് ഉടമകൾ തയ്യാറാകുമ്പോൾ ആണ് റാന്നിയിൽ വീണ്ടും ബസ് തടഞ്ഞത്. കേന്ദ്ര സർക്കാറിന്റെ പുതിയ ട്രാൻസ്‌പോർട് നിയമത്തിലാണ് അന്യ സംസ്ഥാന സർവീസിനുള്ള കളം ഒരുങ്ങിയത്. സർവീസ് നിർത്തി വാഹനം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഒരു മാസത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് റോബിൻ ബസ്സ് വീണ്ടും ഇന്ന് സർവ്വീസ് ആരംഭിച്ചത്.