അന്തർ സംസ്ഥാന ക്യാരേജ് സർവ്വീസുകൾക്ക് അനുവാദമില്ലെന്ന വാദവുമായി മോട്ടോർ വാഹനവകുപ്പ്, ടൂറിസ്റ്റ് ബസുകൾ ബോർഡ് വച്ചു സർവീസ് നടത്തിയാൽ കെഎസ്ആർടിസിയെ ബാധിക


കോട്ടയം: പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് വീണ്ടും സർവ്വീസ് ആരംഭിച്ച റോബിൻ മോട്ടോഴ്സിന്റെ ടൂറിസ്റ്റ് ബസ് തിങ്കളാഴ്ച രാവിലെ റാന്നിയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് പിടികൂടിയിരുന്നു. അന്തർ സംസ്ഥാന ക്യാരേജ് സർവ്വീസുകൾക്ക് അനുവാദമില്ലെന്ന വാദവുമായി ശക്തമായ നടപടിയിൽ സർവ്വീസ് നടത്താനാകില്ലെന്ന നടത്താനാകില്ലെന്ന നിലാപാടിലാണ് മോട്ടോർ വാഹനവകുപ്പ്. പുതുക്കിയ കേന്ദ്ര നിയമം അനുസരിച്ചു ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസിന് ബോര്‍ഡ് വച്ചു സര്‍‌വീസ് നടത്താമെന്നു ബസ്സ് ഉടമ ബേബി ഗിരീഷ് പറയുമ്പോഴും ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസിന് ബോര്‍ഡ് വച്ചു സര്‍‌വീസ് നടത്താനാകില്ലെന്നും പല സ്റ്റോപ്പുകളിൽ നിന്നും യാത്രക്കാരെ കയറ്റാനും ഇറക്കാനും പാടില്ലെന്നുമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കെ എസ് ആർ ടി സി യുടെ പരാതിയിലാണ് ബസ്സ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തതെന്നു ഉദ്യോഗസ്ഥർ പറയുന്നു. ടൂറിസ്റ്റ് ബസുകൾ ബോർഡ് വച്ചു സർവീസ് നടത്തിയാൽ കെഎസ്ആർടിസിയെ ബാധിക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ല. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള ബസിന് സീറ്റൊന്നിന് 3000 രൂപയും സ്റ്റേജ് കാരിയേജ് ബസിന് 600 രൂപയുമാണ് നികുതി. ഇക്കാരണത്താൽ തന്നെ ടൂറിസ്റ്റ് ബസുകൾക്കു കുറഞ്ഞ നിരക്കിൽ ഓടാൻ കഴിയില്ല. എന്നാൽ കെ എസ് ആർ ടി സി ക്ക് കുറഞ്ഞ നിരക്കിൽ ഓടാൻ സാധിക്കുമെന്നതിനാൽ കെ എസ് ആർ ടി സി യുടെ വരുമാനത്തെ ബാധിക്കുമെന്നത് ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും തെറ്റായ ചിതാഗതിയാണ്. കെ എസ് ആർ ടി സി യുടെ കെ-സ്വിഫ്റ്റ് നെ സഹായിക്കാനാണ് സർക്കാരും ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്നതെന്നാണ് ഉടമ ഗിരീഷ് പറയുന്നത്. ദീർഘദൂര യാത്രക്കാർക്ക് മികച്ച യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നത് മാത്രമാണ് സ്വകാര്യ ബസ്സുകൾ ചെയ്യുന്നതെന്ന് ഉടമ ഗിരീഷ് പറഞ്ഞു. കേന്ദ്ര മോട്ടർ വാഹന ചട്ടം (1989) റൂൾ 85 (6) മുതൽ 85 (9) വരെയുള്ള ഭാഗത്താണു കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റാൻഡുകളിൽ കയറുകയോ ഇടയ്ക്കുനിന്നു യാത്രക്കാരെ എടുക്കുകയോ ഇറക്കുകയോ ചെയ്യരുതെന്നു പറയുന്നത്. എന്നാൽ പുതിയതായി വന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നിയമത്തിൽ ഇവയ്ക്ക് ഇളവു നൽകിയിട്ടുണ്ട്. കേന്ദ്രനിയമത്തിലെ 82 മുതൽ 85 എ വരെയുള്ള ചട്ടങ്ങൾ പുതിയ പെർമിറ്റ് എടുക്കുന്ന വാഹനങ്ങൾക്കു ബാധകമല്ലെന്നു നിയമത്തിലുണ്ടെന്നു ബസുടമകൾ പറയുന്നു. മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ഇത്തരത്തിലുള്ള ബസ്സുകൾ അവിടെ നിന്നും കേരളത്തിലേക്കും തിരികെയും സർവ്വീസ് നടത്തുന്നുണ്ട്, ഇതൊന്നും മോട്ടോർ വാഹന വകുപ്പ് കണ്ടില്ലെന്നു നടിക്കുകയുമാണ് ചെയ്യുന്നത് എന്ന് ഉടമ ഗിരീഷ് പറഞ്ഞു. സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സർവ്വീസ് ആരംഭിച്ചത്. പക്ഷെ ഇന്നലെ വാഹനം റാന്നിയിൽ വെച്ച് മോട്ടോർ വാഹന വകുപ്പിന്റെ ഒരു സംഘം ഉദ്യോഗസ്ഥർ തടയുകയും സർവ്വീസ് നിർത്തി വെയ്ക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് സമാന്തരമായി ദേശസാത്കൃത പാതയില്‍ സ്റ്റേജ് കാര്യേജ് ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. അധികൃതർ നൽകിയ പരാതിയിലാണ് ബസ്സ് വീണ്ടും പിടികൂടിയത്. ദീർഘദൂര ബസ്സുകളിലെ വരുമാനത്തിലാണ് കെഎസ്ആർടിസി പ്രധാനമായും പിടിച്ചുനിൽക്കുന്നത്. അതിനാൽ കേന്ദ്ര നിയമം പറഞ്ഞ് സ്വകാര്യ ബസ്സുകൾ  റൂട്ടുകൾ കീഴടക്കിയാൽ  കോർപറേഷന് കൂടുതൽ പ്രതിസന്ധിയാകും. അത് മുൻകൂട്ടി കണ്ടാണ് റോബിൻ ബസ്സിന് എതിരായി നീക്കമെന്നും ആക്ഷേപമുണ്ട്. റോബിന്റെ മാതൃക പിന്തുടർന്ന് ഇവിടെ കൂടുതൽ സൗകര്യങ്ങളുള്ള വണ്ടികൾ വന്നാൽ ഇവിടുത്തെ ജനങ്ങൾക്ക് മികച്ച യാത്രാ സൗകര്യങ്ങളാണ് ഉണ്ടാവുക. തമിഴ് നാട്ടിലും കർണാടകയിലും ആവാമെങ്കിൽ എന്തുകൊണ്ട് കേരളത്തിൽ ആയിക്കൂടാ എന്നും റോബിൻ ബസ്സ് ഉടമ ഗിരീഷ് ചോദിക്കുന്നു. 1.28 ലക്ഷം രൂപ നികുതി കഴിഞ്ഞ ദിവസം അടച്ചപ്പോൾ ഇവർ ഒരക്ഷരം പറഞ്ഞില്ല എന്നും പണം വാങ്ങുന്നതിനു മുൻപ് സർവ്വീസ് അനുവദിക്കാനാകില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ പണം നഷ്ടമാകില്ലായിരുന്നുവെന്നും അതായിരുന്നു വേണ്ടതെന്നും ഗിരീഷ് പറഞ്ഞു.