മണിമല: '' എണ്ണാമെങ്കിൽ എണ്ണിക്കോ...'' എന്ന് വെല്ലുവിളിച്ചു നിൽക്കുന്ന രീതിയിലാണ് മണിമല-കറുകച്ചാൽ റോഡിലെ കുഴികൾ. വെല്ലുവിളി ഏറ്റെടുത്തു എണ്ണിത്തുടങ്ങിയാൽ അന്ത്യമുണ്ടാകില്ലെന്നു മാത്രം. കാരണം മണിമല-കറുകച്ചാൽ റോഡിൽ നിറയെ പാതാളക്കുഴികൾ പോലുള്ള ഗർത്തങ്ങളാണ്. യാത്രക്കാർക്ക് ദുരിത യാത്ര സമ്മാനിച്ചു യാത്രക്കാരുടെ നടുവൊടിച്ച് മണിമല മുതൽ ആരംഭിക്കുന്ന കുഴികൾ അങ്ങ് കറുകച്ചാൽ വരെ നീണ്ടു കിടക്കുകയാണ്. മഴ പെയ്യുന്നതോടെ കുഴികളുടെ ആഴമറിയാതെ എത്തുന്ന വാഹനങ്ങൾ നിരവധിയാണ് അപകടങ്ങളുടെ മുൾമുനയിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രം തെന്നി മാറുന്നത്. ഈ വഴിയുള്ള രാത്രി യാത്ര ഭീതിജനകമാണ്. ദിവസേന ഇതുവഴി യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രികരാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. പ്രതിദിനം സ്‌കൂൾ വിദ്യാർത്ഥികളുൾപ്പടെയുള്ള യാത്രക്കാരും സ്‌കൂൾ ബസ്സുകളും യാത്രാ ബസ്സുകളും കാറുകളും ഇരുചക്ര വാഹനങ്ങളുമടക്കം ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയാണ് മാസങ്ങളായി തകർന്നു കിടന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കാതിരിക്കുന്നത്.
റോഡ് നിർമ്മാണ ജോലികൾക്കായി തുക അനുവദിച്ചുവെന്നു മുൻപ് പ്രഖ്യാപനമുണ്ടായെങ്കിലും അവയെല്ലാം കടലാസിൽ ഒതുങ്ങുക മാത്രമാണ് ചെയ്തത്. മണ്ഢല-മകരവിളക്ക് തീര്ഥാടനകാലം ആരംഭിക്കാൻ ഒരു മാസം പോലുമില്ലാതിരിക്കെ ശബരിമല തീർത്ഥാടകർ കൂടുതലായി ആശ്രയിക്കുന്ന പാതയുടെ ദുരവസ്ഥയ്‌ക്ക്‌മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും യാത്രക്കാരും. റോഡ് മുഴുവൻ കുഴികളും വശങ്ങളിൽ കാടും കയറി ഭീതി ജനകമായ നിലയിലാണ് ഇപ്പോൾ മണിമല-കറുകച്ചാൽ റോഡിന്റെ സ്ഥിതി. 16 കിലോമീറ്റർ മാത്രം ദൂരമുള്ള റോഡിലെ കുഴികളിൽ വീണു ഒരു ജീവൻ പൊലിയുന്നതിനു മുൻപെങ്കിലും റോഡ് നന്നാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഇതിനോടകം നിരവധി ഇരുചക്ര വാഹനങ്ങൾ റോഡിലെ കുഴിയിൽ തെന്നി അപകടത്തിൽപ്പെട്ടിട്ടുണ്ട്. 8 വർഷം മുൻപാണു റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തു നവീകരിച്ചത്. പലപ്പോഴായി പല ഭാഗങ്ങൾ തകർന്നപ്പോൾ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഒരു ഭാഗത്തെ പണികൾ കഴിയുമ്പോൾ അടുത്ത ഭാഗത്ത് കുഴികൾ രൂപപ്പെടുന്നത് പതിവായി മാറിയിരുന്നു. കഴിഞ്ഞ നാളുകളായി ഒരു ഭാഗത്തും അറ്റകുറ്റപ്പണികൾ നടത്താതിരുന്നതിനാൽ മണിമല മുതൽ കറുകച്ചാൽ വരെയുള്ള ഭാഗം മുഴുവനായും കുഴികൾ രൂപപ്പെട്ടു റോഡ് തകർന്ന അവസ്ഥയിലാണ്.
മഴക്കാലം ആരംഭിച്ചതോടെ റോഡിന്റെ അവസ്ഥ കൂടുതൽ ശോചനീയമാണ്. കുഴികൾ ഗർത്തങ്ങളായി മാറിയിരിക്കുകയാണ്. വെയിലാകുന്നതോടെ റോഡിലെ കുഴികളിലെ വെള്ളക്കെട്ട് പൊടിയായി മാറുന്നതും വാഹന യാത്രികർക്കും കാല്നട യാത്രികർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മഴക്കാലത്ത് നിരവധി സ്ഥലങ്ങളിൽ നിന്നും ഉറവ വെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നത് റോഡ് തകരാൻ കാരണമായിട്ടുണ്ട്. ഇതുവഴിയുള്ള ടാക്സി ഡ്രൈവർമാരും കിട്ടുന്ന കൂലിയുടെ പകുതി വാഹനം നന്നാക്കുന്നതിനായാണ് ചെലവാക്കുന്നത്. ദിവസേന ഇതുവഴിയുള്ള ഓട്ടത്തിൽ വണ്ടിക്ക് മിക്കപ്പോഴും പണികളാണെന്നു ഓട്ടോ ഡ്രൈവർമാർ പറയുന്നു. റൂട്ടിലോടുന്ന സ്വകാര്യ ബസുകളുടെയും മറ്റു വാഹനങ്ങളുടെയും അവസ്ഥ മറിച്ചല്ല. കുഴികളിൽ ചാടി ചാടി ഓടിയെത്തുമ്പോൾ സമയക്രമം പാലിക്കാൻ സാധിക്കാത്തതും ഇതിനാൽ തർക്കങ്ങൾ ഇപ്പോൾ പതിവായിരിക്കുകയാണെന്നും സ്വകാര്യ ബസ്സ് ജീവനക്കാർ പറയുന്നു. കുഴികളാൽ നിറഞ്ഞ മണിമല-കറുകച്ചാൽ റോഡിൽ സുരക്ഷിത യാത്രയ്ക്കായി പൊതുമരാമത്ത് വകുപ്പിന്റെ കരുണ കാത്തിരിക്കുകയാണ് നാട്ടുകാരും യാത്രക്കാരും.