കോട്ടയത്ത് കനത്ത മഴ: നഗരസഭയുടെ പടിഞ്ഞാറൻ മേഖലകളിലെ വീടുകളിൽ വെള്ളം കയറി, ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ.


കോട്ടയം: ജില്ലയിൽ വീണ്ടും മഴ ശക്തമായതോടെ ജില്ലയുടെ താഴ്ന്ന മേഖലകളും പടിഞ്ഞാറൻ മേഖലകളും വെള്ളത്തിനടിയിലായിത്തുടങ്ങി. മേഖലകളിലെ നിരവധി വീടുകളിൽ വെള്ളം കയറി. കോട്ടയം നഗരസഭയുടെ പടിഞ്ഞാറൻ മേഖലകളിലെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറിയ അവസ്ഥയിലാണ്. കോട്ടയം നഗരസഭയിലെ പടിഞ്ഞാറൻ മേഖലകളായ കാഞ്ഞിരം,പനമ്പാടി മേഖലകളിലെ നിരവധി വീടുകളിൽ വെള്ളം കയറി. മഴ വീണ്ടും ശക്തമായതോടെ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 17 ആയി. കോട്ടയം താലൂക്കിൽ മാത്രം 15 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. വൈക്കം, ചങ്ങനാശേരി താലൂക്കുകളിൽ ഒരു ക്യാമ്പു വീതമാണുളളത്. 67 കുടുംബങ്ങളിലെ 239 പേരാണ് ക്യാമ്പുകളിലുളളത്. ഇതിൽ 97 പേർ പുരുഷൻമാരും 88 പേർ സ്ത്രീകളും 54 പേർ കുട്ടികളുമാണ്. അടുത്ത 5 ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെങ്ങളം, കാഞ്ഞിരം, തിരുവാർപ്പ്, കുമ്മനം,ആർപ്പൂക്കര എന്നിവിടങ്ങളിലും കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ വീടുകളിലും വെള്ളം കയറി. മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ വെള്ളപ്പൊക്കം രൂക്ഷമാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. ജില്ലയുടെ മലയോര മേഖലകളിൽ ഇടവിട്ടുള്ള കനത്ത മഴയാണ്. മഴ ശക്തമായതോടെ മണിമല,മീനച്ചിൽ,മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.